കാഞ്ഞങ്ങാട് നഗരത്തില്‍ നാളെ മുതല്‍ ട്രാഫിക് പരിഷ്‌കാരം

കാഞ്ഞങ്ങാട് നഗരത്തില്‍ നാളെ മുതല്‍ ട്രാഫിക് പരിഷ്‌കാരം



കാഞ്ഞങ്ങാട്: ആലാമിപ്പള്ളി നഗരസഭാ ബസ് സ്റ്റാന്റില്‍ സെപ്തംബര്‍ ഒന്നു മുതല്‍ എല്ലാ ബസ്സുകളും കയറേണ്ട സംവിധാനമൊരുക്കുമെന്ന് നഗരസഭാ ഭരണസമിതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബസ് സ്റ്റാന്റിനകത്ത് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒന്നാം തിയ്യതി മുതല്‍ കെ.എസ്.ആര്‍.ടി.സി അടക്കമുള്ള മുഴുവന്‍ ബസ്സുകളും ആലാമിപ്പള്ളി നഗരസഭാ ബസ് സ്റ്റാന്റില്‍ പ്രവേശിക്കണമെന്ന് നഗരസഭ കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കാഞ്ഞങ്ങാട് നിന്ന് വിവിധ പ്രദേശങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളും, കാഞ്ഞങ്ങാട് വഴി കടന്നു പോകുന്ന ദീര്‍ഘ ദൂര ബസ് സര്‍വ്വീസുകളും സെപ്തംബര്‍ 1 മുതല്‍ ബസ് സ്റ്റാന്റിനകത്ത് കയറണമെന്നാണ് നഗരസഭ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് ടൗണില്‍ നിര്‍ത്തിയിടുന്ന സ്വകാര്യ ബസ്സുകള്‍ സെപ്തംബര്‍ 1 മുതല്‍ ആലാമിപ്പള്ളി ബസ് സ്റ്റാന്റിനകത്ത് നിര്‍ത്തിയിടേണ്ടതാണ്. വിവിധ പ്രദേശങ്ങളില്‍ പോകുന്ന ബസ്സുകള്‍ക്ക് ആലാമിപ്പള്ളി ബസ് സ്റ്റാന്റിനകത്ത് ബസ് ട്രാക്കുകള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.

സ്വകാര്യ ബസ്സുകള്‍ ആലാമിപ്പള്ളി ബസ് സ്റ്റാന്റില്‍ കയറാന്‍ തുടങ്ങുന്നതോടെ നഗരത്തിലെ തിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാഞ്ഞങ്ങാട് ടൗണിലും പരിസരപ്രദേശങ്ങളിലും ദീര്‍ഘ സമയം നിര്‍ത്തിയിടുന്ന സ്വകാര്യ ബസ്സുകള്‍ ഒന്നാം തീയ്യതി മുതല്‍ ആലമിപ്പള്ളി ബസ് സ്റ്റാന്റിലാണ് നിര്‍ത്തിയിടേണ്ടത്.
ടൗണില്‍ സ്വകാര്യ ബസ്സുകള്‍ ദീര്‍ഘനേരം നിര്‍ത്തിയിടുന്നതു മൂലമുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പുതിയ ട്രാഫിക് പരിഷ്‌കാരം വഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടൗണിലെ അനധികൃത പാര്‍ക്കിങ്ങിനെതിരെയും ശക്തമായ നടപടിയെടുക്കാന്‍ നഗരസഭ ആലോചിക്കുന്നുണ്ട്. ഇതിനായി പോലീസിന്റെ സഹായും തേടാനും ആലോചനയുണ്ട്.
ദീര്‍ഘ ദൂര ചരക്ക് വാഹനങ്ങള്‍ കാഞ്ഞങ്ങാട് ടൗണ്‍ വഴി കടന്നുപോകുന്നത് നഗരത്തില്‍ സ്ഥിരമായി ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തിലുള്ള കൂറ്റന്‍ ചരക്ക് വാഹനങ്ങളെ ദേശീയപാത വഴി തിരിച്ചു വിടാനുള്ള പോല്‍ീസിന്റെ ശ്രമങ്ങളും ഫലവത്തായിട്ടില്ല.

Post a Comment

0 Comments