ശ്രീജിവിന്റേത് ആത്മഹത്യ; കസ്റ്റഡിമരണമല്ലെന്ന് സി.ബി.ഐ

ശ്രീജിവിന്റേത് ആത്മഹത്യ; കസ്റ്റഡിമരണമല്ലെന്ന് സി.ബി.ഐ


തിരുവനന്തപുരം: പാറശ്ശാല സ്വദേശി ശ്രീജിവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം ആത്മഹത്യയാണെന്ന് സി.ബി.ഐ. റിപ്പോര്‍ട്ട് സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിച്ചു.

'ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ല. അത്മഹത്യയാണ്. ശ്രീജിവിനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ തന്നെ അയാള്‍ വിഷം കയ്യില്‍ കരുതിയിരുന്നു. പക്ഷെ പോലീസ് ദേഹപരിശോധന നടത്താതെ സെല്ലിലിടുകയായിരുന്നു. കയ്യില്‍ കരുതിയിരുന്ന വിഷം കഴിച്ച നിലയില്‍ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. എത്തിച്ചത് വിഷം ഉള്ളില്‍ ചെന്ന നിലയിലാണെന്ന് ഡോക്ടറുടെ മൊഴിയുണ്ട്. സാക്ഷി മൊഴികളുമുണ്ട്. ശ്രീജിവ് മോഷണക്കേസുകളുമായി ബന്ധപ്പെട്ട് ആറ്റിങ്ങലില്‍ ലോഡ്ജില്‍ താമസിച്ചിരുന്നു. അവിടെ വെച്ച് ആത്മഹത്യാ കുറിപ്പും ലഭിച്ചിരുന്നു'.സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

2014 മെയ് 21ന് പാറശാല പോലീസ് കസ്റ്റഡിയിലിരിക്കെയാണ് ശ്രീജിവ് മരണപ്പെടുന്നത്. കേസ് ആദ്യം അന്വേഷിച്ച പോലീസ് കംപ്ലയിന്റ് അതോറിറ്റി മരണം കൊലപാതകമാണെന്നാണ് കണ്ടെത്തിയതെങ്കിലും ആത്മഹത്യയാണെന്നയിരുന്നു ക്രൈം ബ്രാഞ്ചിന്റെ നിലപാട്.

മോഷണകേസുമായി ബന്ധപ്പെട്ടാണ് ശ്രീജിവിനെ കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്ന വിഷം ഉള്ളില്‍ ചെന്ന നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശ്രീജിവിനെ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ശ്രീജിവ് മരിച്ചു. ഇത് കസ്റ്റഡി മരണമാണെന്നും വിഷം നല്‍കി കൊന്നതാണെന്നും കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട്  ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്ത് ദീര്‍ഘനാള്‍ സമരം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.

പോലീസുദ്യോഗസ്ഥരും ഡോക്ടര്‍മാരും എല്ലാവരും തമ്മിലുള്ള ഒത്തുകളിയില്‍ നടന്ന കൊലപാതകമാണിതെന്നാണ് സിബിഐ റിപ്പോര്‍ട്ടിനോട് ശ്രീജിത്ത് പ്രതികരിച്ചത്.  സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുമെന്നും കേസുമായി സുപ്രീം കോടതിയെ സമീപിക്കുമെന്നും ശ്രീജിത് പറഞ്ഞു. 'മൂന്ന് കൊല്ലത്തിനു ശേഷമാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്, സമരം പൊളിക്കാനുള്ള ഒത്തുകളിയാണിത്', ആത്മഹത്യാകുറിപ്പ് പോലീസ് തയ്യാറാക്കിയതാണെന്നും പരാതിയുമായി മുന്നോട്ടു പോകുമെന്നും ശ്രീജിത്ത് പ്രതികരിച്ചു.

Post a Comment

0 Comments