കാഞ്ഞങ്ങാട്: 2015ൽ ഡോ.കൊടക്കാട് നാരായണന് ദേശീയ അധ്യാപക അവാർഡ് ലഭിച്ച ശേഷം നാല് വർഷത്തെ ഇടവേളയിൽ പുരസ്കാരം വീണ്ടുമെത്തുന്നത് കൊടക്കാട്ടേക്ക് തന്നെ. ചെറിയാക്കര ഗവ. എൽ.പി.സ്കൂൾ അധ്യാപകൻ കൊടക്കാട് ഓലാട്ട് സ്വദേശി എം.മഹേഷ് കുമാറിന്. ഇന്ന് ന്യൂ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദനിൽ നിന്ന് അവാർഡ് സ്വീകരിക്കും. അവാർഡ് ഏറ്റുവാങ്ങാൻ സംസ്ഥാനത്ത് നിന്ന് ഒരാൾ മാത്രമേയുള്ളൂ എന്ന അപൂർവ സവിശേഷതയുമുണ്ട്.
അവഗണനയിൽ അടച്ചുപൂട്ടലിന്റെ വക്കിലെത്തി നിൽക്കുന്ന വിദ്യാലയങ്ങളെ സാമൂഹ്യ ഇടപെടലുകളിലൂടെ ഉയർത്തി കുട്ടികൾക്കും നാട്ടുകാർക്കും പ്രിയപ്പെട്ട വിദ്യാലയമാക്കി മാറ്റാനുള്ള വിജയമന്ത്രത്തിനാണ് രണ്ടു പേർക്കും അവാർഡ് കിട്ടിയത്.
15 കുട്ടികളുണ്ടായിരുന്ന ചെറിയാക്കരയെ ആറു മാസം കൊണ്ട്അറിവിന്റെ വൻകരയാക്കി മാറ്റിയ 'ചെറിയാക്കര മോഡലി'നുള്ള അംഗീകാരമാണ് മഹേഷ് കുമാറിനുള്ള അവാർഡെങ്കിൽ കൂട്ടക്കനിയിലും ബാരയിലും ചാത്തങ്കൈയിലും അരയിയിലും മുഴക്കോത്തും കാഞ്ഞിരപ്പൊയിലിലും മൗക്കോടും നടത്തിയ വിദ്യാഭ്യാസ വിപ്ലവത്തിനാണ് ഇപ്പോൾ മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ പ്രധാനാധ്യാപകനായ ഡോ.കൊടക്കാട് നാരായണന് അവാർഡ് ലഭിച്ചത്.
വിദ്യാലയവും സമൂഹവും തമ്മിലുള്ള ബന്ധം കേരളം ചർച്ച ചെയ്യുന്നതിന് നാല് പതിറ്റാണ്ടു കൾക്ക് മുമ്പ് തന്നെ ഓലാട്ട് എ.യു.പി.സ്കൂളിൽ ഡോ.എ.എൻ.കൊടക്കാട് നടത്തിയ ബദൽ വിദ്യാഭ്യാസം നേടാൻ ഭാഗ്യം സിദ്ധിച്ചവരാണ് അദ്ദേഹത്തിന്റെ ശിഷ്യരായ രണ്ടു പേരും. ഓലാട്ട് എ.യു.പി.സ്കൂളിൽ മുപ്പത് വർഷത്തോളം പ്രധാനാധ്യാപകനായിരുന്നു നാടൻ കലാ പണ്ഡിതനും ആയുർവേദവിദഗ്ദ്ധനും പൂരക്കളി കലാകാരനുമായിരുന്ന അദ്ദേഹം. കുഞ്ഞു മനസ്സിൽ വിതച്ച നൂതന ആശയങ്ങൾ അധ്യാപകരായപ്പോൾ പാകം വന്ന് നൂറുമേനി വിളഞ്ഞു. ക്ലാസ് മുറിയിൽ കൊടക്കാട് മാഷും മഹേഷ് മാഷും' ആവിഷ്കരിച്ച പഠനതന്ത്രങ്ങൾ കാണാനും സ്വീകരിക്കാനും കേരളത്തിനകത്തും പുറത്തു നിന്നും അധ്യാപകരും വിദ്യാഭ്യാസ വിദഗ്ദരുമെത്തി. ഇരുപത് വർഷം മുമ്പ്കൊടക്കാട് ഗവ.വെൽഫേർ യു.പി.സ്കൂളിൽ അധ്യാപകനായിരിക്കുന്ന കാലത്ത്തുടങ്ങിയ പരീക്ഷണങ്ങൾ അനുഭവിച്ചറിയാൻ ദേശീയ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രത്തിൽ നിന്നു തന്നെ പഠന സംഘമെത്തി. സാഹിത്യവിമർശകൻ പ്രഫ.കെ.പി.ശങ്കരന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘം മൂന്ന് ദിവസം കൊടക്കാട് ഗ്രാമത്തിൽ താമസിച്ച് വിദ്യാലയവും നാടും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ രസതന്ത്രം പകർത്തിയെഴുതി. പാഠ്യപദ്ധതി പരിഷ് ക ര ണ ശില്പശാലയിൽ 'കൊടക്കാട് മോഡൽ' അവതരിപ്പിക്കാനായി മൈസൂർ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡുക്കേഷനിൽ രാജ്യത്തെ വിദ്യാഭ്യാസ വിദഗ്ദ്ധർ പങ്കെടുത്ത മൂന്നാഴ്ചത്തെ ശില്പശാലയിൽ കൊടക്കാട് നാരായണൻ മാസ്റ്റർ പങ്കെടുത്തു. സദാ സമയവും സക്രിയമായ ചെറുവത്തൂർ ബ്ലോക്ക് റിസോർസ് സെന്ററിന്റെ തലവനായിരുന്ന കാലത്ത് മഹേഷ് മാഷ് മുന്നോട്ടുവെച്ച മികവുകൾ പലതും സംസ്ഥാന തലത്തിൽ തന്നെ വ്യാപകമാക്കുകയുണ്ടായി. പ്രീ പ്രൈമറി, ആദിവാസി, ഭിന്നശേഷി വിഭാഗങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയ പാഠപുസ്തകങ്ങളിലെല്ലാം മഹേഷിന്റെ മാന്ത്രിക സ്പർശം കാണാം. ചെറിയാക്കരയില്‍ നടപ്പിലാക്കേണ്ട വികസന പദ്ധതികള്‍, അതിന്റെ പ്രായോഗികത എന്നിവയൊക്കെ ട്രൈഔട്ട് ചെയ്ത് നോക്കാനുള്ള പരീക്ഷണ ശാലകളായിരുന്നു ബി.ആർ.സി. ചുമതല ഒഴിവായ ശേഷം മഹേഷ് മാഷ് അധ്യാപകനായി ജോലി ചെയ്ത ജി ഡബ്ല്യു എല്‍ പി എസ് ബാരവും ജി എം എല്‍ പി എസ് അജാനൂരും ചായ്യോത്തും വെള്ളിക്കോത്തും. അനുഭവങ്ങളുടെ തീ തിളക്കത്തിൽ ഊതിക്കാച്ചിയ പൊൻ മികവ് കയ്യൂരിന്റെ മണ്ണിന് പാകമാകുന്ന വിധത്തിൽ വിളക്കിചേർത്തു എന്നു മാത്രം.
ഈ അധ്യാപകരുടെ വിദ്യാഭ്യാസ കലണ്ടറിൽ ചുകപ്പ് നിറത്തിലുള്ള അക്കങ്ങൾക്ക് സ്ഥാനമില്ല .പത്ത് മണി നാല് മണി ഘടികാരവുമില്ല. സദാസമയവും സ്കൂളും കുട്ടികളും നാടും. ഗ്രാമത്തിന്റെ സൗഭാഗ്യമായ രണ്ടധ്യാപകരുടെ ജന്മം നൽകിയതിൽ ആഹ്ലാദിക്കുകയാണ് കൊടക്കാട്.
0 Comments