മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള വയോമിത്രം പദ്ധതി നീലേശ്വരം നഗരസഭയില്‍ ശ്രദ്ധേയമാകുന്നു

മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള വയോമിത്രം പദ്ധതി നീലേശ്വരം നഗരസഭയില്‍ ശ്രദ്ധേയമാകുന്നു


സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്‍ നീലേശ്വരം നഗരസഭയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള വയോമിത്രം പദ്ധതി ശ്രദ്ധേയമാകുന്നു.  65 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യ വൈദ്യ പരിശോധനയും മരുന്നു വിതരണവും നല്‍കുന്ന പദ്ധതിയാണ് വയോമിത്രം. നഗരസഭാ പരിധിയിലെ 27 കേന്ദ്രങ്ങളിലായി പ്രവര്‍ത്തിക്കുന്ന വയോമിത്രം ക്ലിനിക്കുകളിലാണ് ആരോഗ്യ പരിശോധനയും മരുന്ന് വിതരണവും നടത്തുന്നത്. വിവിധ വായനശാലകള്‍, അങ്കണവാടികള്‍, ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ രണ്ടാഴ്ചയിലൊരിക്കല്‍ വിദഗ്ധ മെഡിക്കല്‍ സംഘംമെത്തി ക്ലിനിക്കുകളും  നടത്തുന്നുണ്ട്.
നിലവില്‍ നീലേശ്വരത്ത് 2000 ലധികം കുടുംബങ്ങള്‍ പദ്ധതിയുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ആവശ്യമെങ്കില്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ ഇനിയും വര്‍ദ്ധിപ്പിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെ.പി. ജയരാജന്‍ പറഞ്ഞു. വയോമിത്രം പദ്ധതി സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെ.പി. ജയരാജന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റാന്റിംഗ് കമ്മിറ്റി അവലോകന യോഗത്തില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി. രാധ, അംഗങ്ങളായ കെ.വി. ശശികുമാര്‍, കെ.വി. ഉഷ, വി.കെ. റഷീദ, നഗരസഭാ സെക്രട്ടറി ടി. മനോജ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നീലേശ്വരത്തെ സീനിയര്‍ ഡോക്ടര്‍ കെ. പി. അഹമ്മദിന്റെ നേതൃത്വത്തിലുള്ള വയോമിത്രം മെഡിക്കല്‍ ടീമില്‍ സ്റ്റാഫ് നഴ്‌സ് ടിനു മേരി തോമസ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കെ.പി. വൃന്ദാഞ്ജലി, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കോര്‍ഡിനേറ്റര്‍ സി. രാജേഷ് എന്നിവരാണുള്ളത്.  വയോമിത്രം സൗജന്യ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ - 9072574341.

Post a Comment

0 Comments