പീരുമേട് : കേരളത്തിൽ ആദ്യമായി അണ്ണാ ഡി.എം.കെയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. രാജഭരണ കാലത്ത് തിരുവിതാംകൂറിന്‍റെ വേനല്‍ക്കാല തലസ്ഥാനമായിരുന്ന ഇടുക്കി പീരുമേട് ഗ്രാമപഞ്ചായത്തിലാണ് തമിഴ്‌നാട്ടിലെ ഭരണകക്ഷിക്ക് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. മുപ്പത്തിമൂന്നുകാരിയായ എസ്. പ്രവീണയാണ് ഗ്രാമ പഞ്ചായത്ത് അധ്യക്ഷ.
പതിനേഴംഗ സമിതിയിൽ പട്ടികജാതി വനിതാ സംവരണമായ പദവിയിലേക്ക് മത്സരിക്കാന്‍ യു.ഡി.എഫില്‍ അംഗങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ അണ്ണാ ഡി.എം.കെ അംഗത്തിന് പ്രസിഡന്റ് സ്ഥാനം നല്‍കുകയായിരുന്നു. മൂന്ന് പട്ടികജാതി വനിതാ സീറ്റുകളാണ് ഇവിടെയുള്ളത്. സി.പി.എമ്മിലെ രജനി വിനോദിനെ ഏഴിനെതിരെ എട്ടു വോട്ടിനാണ് എസ്. പ്രവീണ പരാജയപ്പെടുത്തിയത്.
കോണ്‍ഗ്രസ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ടി.എസ് സുലേഖ, രാജു വടുതല എന്നിവര്‍ പാർട്ടി വിട്ടതോടെ യു.ഡി.എഫ് ഭരണസമിതിയ്ക്ക് ഭരണം നഷ്ടമായി. കൂറുമാറിയെത്തിയവര്‍ എല്‍.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്സ്ഥാനങ്ങളില്‍ തുടരുകയുമായിരുന്നു. എന്നാൽ ജനുവരിയില്‍ ഇരുവരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയതോടെ എല്‍.ഡി.എഫിന് സ്ഥാനം നഷ്ടപ്പെട്ടു. തുടർന്ന് എല്‍.ഡി.എഫിനും യു.ഡി.എഫിനും ഏഴ് വീതം അംഗങ്ങളായതോടെ അണ്ണാ ഡി.എം.കെ യു,ഡി.എഫിനെ പിന്തുണക്കുകയായിരുന്നു.
0 Comments