മാവുങ്കാലിലെ മണിചെയിന്‍ തട്ടിപ്പ് : ആസൂത്രണം ചെയ്ത രണ്ടംഗ സംഘം ഒളിവില്‍ ; അറസ്റ്റിലായ മൂന്ന് പ്രതികള്‍ റിമാന്റില്‍

മാവുങ്കാലിലെ മണിചെയിന്‍ തട്ടിപ്പ് : ആസൂത്രണം ചെയ്ത രണ്ടംഗ സംഘം ഒളിവില്‍ ; അറസ്റ്റിലായ മൂന്ന് പ്രതികള്‍ റിമാന്റില്‍



കാഞ്ഞങ്ങാട് : മാവുങ്കാല്‍ കേന്ദ്രീകരിച്ച് നടന്ന മണി ചെയിന്‍ തട്ടിപ്പ് ആസൂത്രണം ചെയ്ത പ്രധാന പ്രതികളായ രണ്ടുപേര്‍ ഒളിവില്‍. ഇരിയയിലെ കെ വേണുഗോപാലന്‍ നായര്‍ (36), അരിയളത്തെ ഇ വിനോദ് കുമാര്‍ (33), എന്നിവരാണ് പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുന്നത്. മറ്റു പ്രതികളായ കാഞ്ഞങ്ങാട് ഇരിയ സ്വദേശി പത്തായപുര ഹൗസില്‍ കെ പ്രജീഷ് (30), പുണൂര്‍ ഹൗസില്‍ പി ബാലദാസ് (31), കാഞ്ഞങ്ങാട് രാവണീശ്വരം സ്വദേശി കെ സുധീഷ് (27) എന്നിവരെ പയ്യന്നൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടുന്നതിനായി പയ്യന്നൂര്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മലേഷ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഡയരക്ട് മാര്‍ക്കറ്റിംഗ് കമ്പനിയായ ക്യൂനെറ്റിന്റെ ഭാഗമായ ക്യൂലയണ്‍ എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ മറവിലാണ് തട്ടിപ്പ് നടന്നത്. ട്രസ്റ്റില്‍ പാര്‍ട്ണറാക്കാമെന്നും മുടക്കുന്ന തുകയ്ക്ക് ഇരട്ടിലാഭം നല്‍കാമെന്നും വിശ്വസിപ്പിച്ചാണ് പലരില്‍ നിന്നും സംഘം പണം തട്ടിയത്.

കാസര്‍കോട് -കണ്ണൂര്‍ ജില്ലകള്‍ക്ക് പുറമെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാട്‌സ് ആപ്പ് ഗ്രൂപ്പ് മുഖാന്തിരവും നേരിട്ടും ഈ സംഘം നിരവധി പേരെ ചേര്‍ത്തിരുന്നു. പണം നഷ്ടമായവരില്‍ ഏറെയും ഗള്‍ഫുകാരും സ്ത്രീകളുമാണ്. പയന്നൂര്‍ അന്നൂര്‍ സ്വദേശിയും പ്രവാസിയുമായ എം കെ റെജിലിന്റെ പരാതിയെ തുടര്‍ന്നാണ് മാവുങ്കാലിലെ സ്ഥാപനത്തിനെതിരെ പോലീസ് അന്വേഷണമുണ്ടായത്.

Post a Comment

0 Comments