
ബംഗളൂരു: തേജസ് യുദ്ധവിമാനത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ യാത്ര. ഇതാദ്യമായാണ് ഒരു പ്രതിരോധ മന്ത്രി തേജസിൽ പറക്കുന്നത്. ഇന്ത്യൻ നിർമിത വിവിധോദ്ദേശ യുദ്ധ വിമാനമാണ് ഹിന്ദുസ്ഥാൻ എയറോനോടിക്സ് തേജസ്. ബെംഗളൂരുവിലെ എച്ച് എ എൽ വിമാനത്താവളത്തിൽനിന്നാണ് രാജ്‌നാഥ് തേജസിൽ പറന്നത്.
എയർ വൈസ് മാർഷൽ എൻ തിവാരിയും രാജ്നാഥ് സിങിനൊപ്പമുണ്ടായിരുന്നു. നാഷണൽ ഫ്ലൈറ്റ് ടെസ്റ്റ് സെന്‍ററിലെ പ്രോജക്ട് ഡയറക്ടർ കൂടിയാണ് എൻ. തിവാരി. വിങ് കമാൻഡർമാരുടെ ആത്മവീര്യം ഉയർത്താൻ പ്രതിരോധ മന്ത്രിയുടെ യാത്ര സഹായിക്കുമെന്ന് പ്രതിരോധമന്ത്രാലയം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കഴിഞ്ഞ ആഴ്ച തേജസിന്റെ ദ്രുതഗതിയിലുള്ള ലാൻഡിങ് വിജയകരമായി ഗോവയിൽ നടത്തിയിരുന്നു. തേജസ് യാത്രയ്ക്കുശേഷം ഡി.ആർ.ഡി.ഒ ബെംഗളൂരുവിൽ നടത്തുന്ന പ്രതിരോധ ഉപകരണങ്ങളുടെ പ്രദർശന പരിപാടിയിലും രാജ്നാഥ് സിങ് പങ്കെടുക്കുന്നുണ്ട്.
തുടക്കത്തിൽ 40 തേജസ് വിമാനങ്ങൾ നിർമ്മിച്ചുനൽകാനാണ് വ്യോമസേന ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കഴിഞ്ഞ വർഷത്തോടെ അധികമായി 83 തേജസ് വിമാനങ്ങൾ കൂടി ആവശ്യപ്പെട്ടു. 50000 കോടിയിലേറെ രൂപയുടെ ഇടപാടാണിത്.
0 Comments