
ബദിയഡുക്ക : കേരള ക്രിക്കറ്റ് അസോസിയേഷന്റെ മാന്യയിലെ വിവാദ സ്റ്റേഡിയം പൊളിച്ചു മാറ്റുന്നു. ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.രണ്ടു ദിവസത്തിനുള്ളില്‍ സ്റ്റേഡിയം കൈയ്യേറിയ സ്ഥലം സര്‍ക്കാര്‍ തിരിച്ചു പിടിക്കും. മാന്യയില്‍ സ്വകാര്യ വ്യക്തികള്‍ വാങ്ങിയ സ്ഥലത്തു നിന്ന് ഒരു ഭാഗം പിന്നീട് ക്രിക്കറ്റ് സ്റ്റേഡിയത്തിനു വില്‍പ്പന നടത്തുകയായിരുന്നു. ഈ ഇടപാടുമായി ബന്ധപ്പെട്ടു ക്രിക്കറ്റ് അസോസിയേഷനിലും വന്‍ വിവാദമുയര്‍ന്നിരുന്നു. നിര്‍ദ്ദിഷ്ട സ്റ്റേഡിയ സ്ഥലത്തു കൂടി ഒഴുകിയിരുന്ന തോട് കൈയ്യേറി മണ്ണിട്ടു നികത്തി സ്റ്റേഡിയത്തിന്റെ ഭാഗമാക്കുകയായിരുന്നു. മാന്യയിലെ രാമചന്ദ്രന്‍, ലത്തീഫ് എന്നിവര്‍ മന്ത്രി ഇ ചന്ദ്രശേഖരന് ഇതു സംബന്ധിച്ചു നല്‍കിയ പരാതിയെ തുടര്‍ന്നാണ് കൈയ്യേറി മണ്ണിട്ടു നികത്തിയ എട്ടര സെന്റ് തോട് തിരിച്ചുപിടിച്ച് തോട് നില നിര്‍ത്താന്‍ നടപടിയായത്. പരാതിയെക്കുറിച്ചന്വേഷിക്കാന്‍ മന്ത്രി ജില്ലാ കളക്ടറോട് നിര്‍ദ്ദേശിച്ചിരുന്നു. അന്വേഷണത്തില്‍ തോട് കൈയ്യേറുകയും മണ്ണിട്ട് നികത്തുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് തുടര്‍ നടപടി. കൈയ്യേറ്റ സ്ഥലത്തിന് ബേള വില്ലേജ് ഓഫീസര്‍ നികുതി കൈപ്പറ്റിയതിലും നടപടി ഉണ്ടായേക്കുമെന്ന് സൂചനയമുണ്ട്. സ്റ്റേഡിയം മിച്ച ഭൂമിയിലാണെന്നും ആരോപണമുണ്ട്.
0 Comments