മഞ്ചേശ്വരം ഉള്‍പ്പെടെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഒക്ടോബർ 21ന്

മഞ്ചേശ്വരം ഉള്‍പ്പെടെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഒക്ടോബർ 21ന്


ന്യൂഡൽഹി: മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചതിനൊപ്പം രാജ്യത്തെ 64 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയതികളും പ്രഖ്യാപിച്ചു. കേരളത്തിൽ വട്ടിയൂർക്കാവ്, കോന്നി, അരൂർ, മഞ്ചേശ്വരം, എറണാകുളം എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.

സെപ്തംബർ 23ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. സെപ്തംബർ 30 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തിയതി. ഒക്ടോബർ 21ന് വോട്ടെടുപ്പും ഒക്ടോബർ 24ന് വോട്ടെണ്ണലും നടക്കും.

വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം എന്നീ മണ്ഡലങ്ങളിലെ എം എൽ എമാർ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതോടെയാണ് ഈ നിയമസഭാ മണ്ഡലങ്ങളിൽ ഒഴിവ് വന്നത്. അതുകൊണ്ടു തന്നെ, ലോക്സഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റുകളിൽ വിജയിച്ച യുഡിഎഫിനും ഒരു സീറ്റിൽ മാത്രം വിജയിക്കാൻ കഴിഞ്ഞ എൽ ഡി എഫിനും ഈ ഉപതെരഞ്ഞെടുപ്പികൾ നിർണായകമാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് യുഡിഎഫിലെ പി ബി അബ്ദുൾ റസാക്കിന്‍റെ ജയം ചോദ്യം ചെയ്താണ് എതിർ സ്ഥാനാർഥിയായ കെ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ 2018 ഒക്ടോബർ 20ന് അബ്ദുൾ റസാക്ക് മരിച്ചു. പിന്നീട് സുരേന്ദ്രൻ ഹർജി പിൻവലിക്കാൻ അപേക്ഷ നൽകുകയും ചെയ്തിരുന്നു. അതേസമയം, ശക്തമായ ത്രികോണ മത്സരത്തിനാണ് മഞ്ചേശ്വരം ഇത്തവണ സാക്ഷ്യം വഹിക്കുക.

Post a Comment

0 Comments