രണ്ടേകാല്‍കോടിയുടെ വിസാതട്ടിപ്പ്: ആവിക്കരയിലെ യുവതി അറസ്റ്റില്‍

രണ്ടേകാല്‍കോടിയുടെ വിസാതട്ടിപ്പ്: ആവിക്കരയിലെ യുവതി അറസ്റ്റില്‍


കാഞ്ഞങ്ങാട്: ഇംഗ്ലണ്ടില്‍ നഴ്‌സ് ജോലി വാഗ്ദാനം ചെയ്ത് 2.18 കോടി രൂപ തട്ടിയ കേസില്‍ കാഞ്ഞങ്ങാട് ആവിക്കരയിലെ യുവതി കൊച്ചിയില്‍ അറസ്റ്റില്‍.
ആവിക്കരയിലെ കോക്കണ്ടത്തില്‍ പരേതനായ പോളിന്റെ മകള്‍ മാര്‍ഗരറ്റ് മേരിയെയാണ് (43) സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. 68 പേര്‍ ഇവരുടെ തട്ടിപ്പില്‍പെട്ടതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ധ്യാന കേന്ദ്രങ്ങളിലെ പ്രാര്‍ത്ഥനാ കൂട്ടായ്മകളില്‍ പങ്കെടുക്കുന്നവരുടെ നിലമ്പൂരിലെ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് അപേക്ഷകരെ കണ്ടെത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ഗള്‍ഫില്‍ പരിചയപ്പെട്ട കോട്ടയം സ്വദേശിയായ ജോഷി തോമസ്, മെറിന്‍ തോമസ് എന്നിവരുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ഇടനിലക്കാരിയായതെന്നാണ് മാര്‍ഗരറ്റ് ചോദ്യം ചെയ്യലില്‍ പോലീസിനോട് വെളിപ്പെടുത്തിയത്. ജോഷി തോമസാണ് തട്ടിപ്പിന്റെ ആസൂത്രകന്‍. പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്ന കോക്കണ്ടത്തില്‍ ജിമ്മി, ബിജു എന്നിവരും തട്ടിപ്പിന് കൂട്ടുനിന്നു. 1.5 ലക്ഷം രൂപ മുതല്‍ ഏഴു ലക്ഷം രൂപ വരെയാണ് ഒരാളില്‍ നിന്നായി ഇവര്‍ വാങ്ങിക്കൂട്ടിയത്.
അഞ്ച് തമിഴ്‌നാട്ടുകാരും കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും സംഘത്തില്‍ തട്ടിപ്പിനിരയായതായി പോലീസ് സംശയിക്കുന്നു. മഞ്ജു എന്ന പേരാണ് മാര്‍ഗരറ്റ് മേരി അപേക്ഷകരോടു പറഞ്ഞത്. കഴിഞ്ഞദിവസം രവിപുരത്തെ വിസ അറ്റസ്റ്റേഷന്‍ കേന്ദ്രത്തിനു സമീപമെത്തി 55,000 രൂപ നേരിട്ട് കൈമാറാന്‍ ഇവര്‍ അപേക്ഷകരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 40 പേര്‍ തുക കൈമാറി. മാര്‍ഗരറ്റ് പണം വാങ്ങി ഒരു ഓട്ടോറിക്ഷക്കാരനെ ഏല്‍പ്പിക്കുകയായിരുന്നു. ഇതോടെ സംശയം തോന്നിയ അപേക്ഷകര്‍ മാര്‍ഗരറ്റിനെയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിസയ്ക്ക് ആരും അപേക്ഷിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. മാര്‍ഗരറ്റിനെ ചോദ്യം ചെയ്തതോടെ തട്ടിപ്പു പുറത്തായി. ഇതോടെ പോലീസ് ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ജിമ്മിയുടെ ഭാര്യ സനിത ജോസിന്റേതടക്കം 25 അക്കൗണ്ടുകളിലേക്കാണ് അപേക്ഷകര്‍ പണം കൈമാറിയത്. ഇവരില്‍ പലരും മാര്‍ഗരറ്റിന്റെ ബന്ധുക്കളാണെന്നും ഈ അക്കൗണ്ടുകളില്‍ നിന്നു ജോഷി തോമസിനു പണം കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ എന്ന ഏജന്റിനെയും പോലീസ് തിരയുന്നുണ്ട്.
എസ് ഐമാരായ എന്‍.എസ്.റോയ്, വിനോജ് ആന്റണി, എ എസ് ഐ ജോസ് അഗസ്റ്റിന്‍, സീനിയര്‍ സി പി ഒ കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കാഞ്ഞങ്ങാട് ആവിക്കരയില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Post a Comment

0 Comments