പത്തനംതിട്ട : ഏജന്റുമാരുടെ വാക്കുവിശ്വസിച്ച് മലേഷ്യയില്‍ എത്തുന്ന നൂറുകണക്കിന് മലയാളി യുവാക്കള്‍ ചെന്നെത്തുന്നത് ക്വലാലംപുരിലെ മനുഷ്യ കമ്പോളത്തില്‍. ലേലംവിളിക്ക് ഇരയാകുന്ന കൈമാറപ്പെടുന്ന ഇവരുടെ ജീവിതം അടിമകള്‍ക്ക് സമമെന്നും വെളിപ്പെടുത്തല്‍. തിരിച്ചുവരാന്‍ ഒരുങ്ങുന്നവര്‍ ചെന്നെത്തുന്നത് എമിഗ്രേഷന്‍ ജയിലുകളിലും. വ്യാജ വിസ ചമച്ച കേസില്‍ പ്രതിയാകുന്നവരും ഏറെ.
കേരളത്തിലുള്ള ഏജന്റിന് ലക്ഷങ്ങള്‍ നല്‍കി വിസിറ്റിങ് വിസയില്‍ മലേഷ്യയില്‍ എത്തുന്ന മലയാളി യുവാക്കളെ ഏജന്റിന്റെ ആളുകള്‍ വാട്‌സാപ്പിലൂടെയാണ് ബന്ധപ്പെടുക. നഗരത്തിലുള്ള ഹോട്ടലിലേക്ക് വിളിച്ചുവരുത്തുന്ന യുവാക്കള്‍ക്ക് സ്‌റ്റാര്‍ നിലവാരത്തിലുള്ള താമസമായിരിക്കും ഇവര്‍ ഒരുക്കുക. ഒരാഴ്‌ച നീളുന്ന താമസത്തിനൊടുവില്‍ ഏജന്റിന്റെ ആളുകള്‍ സ്‌ഥലം വിടും. പിന്നീട് ഹോട്ടല്‍ ബില്ല് അടയ്‌ക്കേണ്ട ഗതികേട് ഉദ്യോഗാര്‍ഥികളുടെ തലയില്‍ വന്നുപെടും. വിസിറ്റിങ് വിസയില്‍ എത്തുന്നവര്‍ 27,000 രൂപ (ഷോ മണി) കൈയില്‍ കരുതണമെന്ന് നിയമമുള്ളതിനാല്‍ ഈ തുക പൂര്‍ണമായി ഹോട്ടല്‍ അധികൃതര്‍ക്ക് കൈമാറേണ്ട അവസ്‌ഥയാകും പിന്നീടുണ്ടാവുക.
വിസിറ്റിങ് വിസയുടെ കാലാവധി കഴിഞ്ഞിട്ടും മലേഷ്യയില്‍ അകപ്പെടുന്ന യുവാക്കള്‍ക്കുമുന്നില്‍ വീണ്ടും ഏജന്റിന്റെ ആളുകള്‍ പ്രത്യക്ഷപ്പെടും. ജോലിക്കെന്നും പറഞ്ഞ് ഇവര്‍ കൂട്ടിക്കൊണ്ടുപോവുക മനുഷ്യകമ്പോളത്തിലേക്കായിരിക്കും. ഇവിടെ യുവാക്കളെ ലേലം വിളിച്ചു ഹോട്ടല്‍ പോലുള്ള സ്‌ഥാപനങ്ങള്‍ക്ക് കൈമാറുകയാണ് പതിവ്. ജോബ് വിസ സംഘടിപ്പിച്ചു നല്‍കാമെന്ന വാഗ്‌ദാനംകൂടിയാകുമ്പോള്‍ എന്ത് ജോലിയും ചെയ്യാന്‍ യുവാക്കള്‍ തയ്യാറാകും. പിന്നീട് തടങ്കല്‍ പാളയത്തിലേതുപോലെയുള്ള അവസ്‌ഥയാകും യുവാക്കള്‍ക്കുണ്ടാവുക. ഹോട്ടല്‍ ജോലിയില്‍ പടിച്ചുനിര്‍ത്താന്‍ പറ്റാത്തവര്‍ക്ക് ജോബ് വിസയെന്നപേരില്‍ വ്യാജവിസ തരപ്പെടുത്തി നല്‍കും. സഹികെട്ട് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരാനൊരുങ്ങുമ്പോഴാണ് എമിഗ്രേഷന്‍ അധികൃതരുടെ പിടിയില്‍ യുവാക്കള്‍ അകപ്പെടുക. വിസിറ്റിങ് വിസയില്‍ എത്തി കാലാവധി കഴിഞ്ഞ് അനധികൃതമായി താമസിച്ചു എന്ന കുറ്റത്തിന് പുറമെ വ്യാജ വിസ ഉണ്ടാക്കിയെന്ന പേരില്‍ കൂടുതല്‍ ശിക്ഷയും ഏറ്റുവാങ്ങേണ്ട അവസ്‌ഥയാകും. ഇതോടെ മലേഷ്യന്‍ ജയിലില്‍ അഴിയെണ്ണേണ്ട ഗതികേടിലേക്ക് യുവാക്കള്‍ അകപ്പെടും.
മലേഷ്യയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് വന്‍ തട്ടിപ്പ് നടക്കുന്നത് സംഘത്തെപ്പറ്റി നിരവധി വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും പ്രതിദിനം നൂറുകണക്കിന് യുവാക്കളാണ് ഏജന്റുമാരുടെ തട്ടിപ്പിന് ഇരയാകുന്നത്. തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള ചില ഗൂഡ സംഘങ്ങളാണ് ഇതിനുപിന്നില്‍. ഇവരെ സംബന്ധിച്ച വിവരങ്ങള്‍ അധികൃതരെ അറിയിച്ചിട്ടും തുടര്‍നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്.
0 Comments