തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങളുടെ പട്ടിക നാല് മാസത്തിനുള്ളില്‍

തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങളുടെ പട്ടിക നാല് മാസത്തിനുള്ളില്‍




കേരളത്തിലെ തീര പരിപാലന നിയമലംഘനങ്ങളുടെ കണക്കെടുക്കുന്നു. പത്ത് ജില്ലകളില്‍ നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങളുടെ കണക്കെടുപ്പ് നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഇന്നലെ ചേര്‍ന്ന പരിസ്ഥിതി വകുപ്പിന്റെയും തീരദേശപരിപാലന വിദഗ്ധരുടെയും യോഗം തീരുമാനിച്ചു.

തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ നിയമലംഘനങ്ങളുടെ പട്ടിക തയ്യാറാക്കും. കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റിയാണ് ആറ് കോര്‍പറേഷനുകള്‍, 36 മുനിസിപ്പാലിറ്റികള്‍, 245 പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ നിയമ ലംഘനങ്ങളുടെ കണക്കെടുക്കുക. ജില്ലാ കളക്ടറാണ് അതോറിറ്റിയുടെ ചെയര്‍മാന്‍. ഇതിന് പ്രത്യേകം ഉദ്യാഗസ്ഥരെ നിയമിക്കും.

പട്ടിക തയ്യാറാക്കാനുള്ള നടപടികള്‍ പെട്ടെന്ന് തുടങ്ങും. ഭാവിയില്‍ മറ്റു നടപടികള്‍ക്ക് കെട്ടിടങ്ങള്‍ വിധേയമാക്കേണ്ടി വന്നാല്‍ അതിന്റെ പ്രത്യാഘാതം വരെ റിപ്പോര്‍ട്ടിലുണ്ടാവും. സുപ്രിം കോടതിയുടെ നിര്‍ദേശമനുസരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കുക. ഇത് കോടതിയില്‍ തന്നെ സമര്‍പ്പിക്കും.

തീരദേശ നിയമം ലംഘിച്ച് ഭൂമിയില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍, കണ്ടല്‍ക്കാട് ഉള്‍പ്പെടെ ഉള്ളവ നശിപ്പിച്ചതിന്റെ തെളിവ് എന്നീ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

ഉപഗ്രഹഭൂപടത്തിന്റെ സഹായത്തോടെ സ്ഥലം സന്ദര്‍ശിച്ച് ഓരോ സ്ഥലത്തെയും നിയമം ലംഘിച്ച് ഉണ്ടാക്കിയ കെട്ടിടങ്ങളെ ഒറ്റ നില കെട്ടിടങ്ങള്‍, വാണിജ്യ സമുച്ചയങ്ങള്‍, വന്‍കിട പാര്‍പ്പിട സമുച്ചയങ്ങള്‍ എന്നിങ്ങനെ തരംതിരിക്കും. തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള രേഖകളും പരിശോധിക്കും. കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കിയ തിയതി, പൂര്‍ത്തിയാക്കി കെട്ടിടനമ്പര്‍ നല്‍കിയ തിയതി എന്നീ വിവരങ്ങളും ഉണ്ടാവും.

സംസ്ഥാനത്ത് ഇങ്ങനെ 1800ല്‍ അധികം കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റേണ്ട അവസ്ഥ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയത്. സുപ്രിം കോടതി റിപ്പോര്‍ട്ട് തേടിയപ്പോള്‍ നടത്തിയ പ്രഥമിക വിലയിരുത്തലിലാണ് ഇത്. വിശദമായ പരിശോധന നടത്തുമ്പോള്‍ എണ്ണം കൂടുമെന്ന് ആണ് കരുതുന്നത്.

Post a Comment

0 Comments