
കൊല്ലം: പാലാ ഉപതിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തോടെ ഇരട്ടി ആത്മവിശ്വാസത്തില്‍ ബാക്കി തിരഞ്ഞെടുപ്പുകളെ നേരിടാനൊരുങ്ങുന്ന സിപിഎമ്മിനും എല്‍ഡിഎഫിനും കുരുക്കായി വെളിപ്പെടുത്തല്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകന്‍ ബിനീഷ് കോടിയേരിക്കും മുംബൈ മലയാളി വ്യവസായിയായ ദിനേശ് മേനോന്‍ കൈക്കൂലി നല്‍കി എന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.
കോടിയേരിക്കും ബിനീഷിനും എതിരെ മാണി സി കാപ്പന്‍ സിബിഐക്ക് നല്‍കി എന്ന് അവകാശപ്പെടുന്ന മൊഴിയുടെ പകര്‍പ്പ് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് സിപിഎമ്മിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തല്‍. അതേസമയം കോടിയേരിക്കോ മകനോ പണം നല്‍കിയിട്ടില്ല എന്നാണ് ദിനേശ് മേനോന്‍ പറയുന്നത്. ഷിബു ബേബി ജോണ്‍ പുറത്ത് വിട്ടത് വ്യാജ രേഖയാണെന്ന് മാണി സി കാപ്പനും പ്രതികരിച്ചു.
മൊഴിയുടെ രേഖകള്‍
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് കോടിയേരിക്കും ബിനീഷിനും ദിനേശ് മേനോന്‍ പണം നല്‍കി എന്ന് സൂചിപ്പിക്കുന്നതാണ് മാണി സി കാപ്പന്റെ മൊഴി. ഈ മൊഴിയുടെ രേഖകളാണ് ഷിബു ബേബി ജോണ്‍ പുറത്ത് വിട്ടിരിക്കുന്നത്. അക്കാലത്ത് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രി ആയിരുന്നു. മാണി സി കാപ്പന്‍ 3.5 കോടി രൂപ തട്ടിയെടുത്തുവെന്ന് ദിനേശ് മേനോന്‍ സിബിഐക്ക് പരാതി നല്‍കിയിരുന്നു.
സിബിഐക്ക് പരാതി
ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: ' മാണി സി കാപ്പന്‍ 3.5 കോടി രൂപ തട്ടിയെടുത്തെന്ന് മുംബൈ മലയാളി വ്യവസായി ദിനേശ് മേനോന്‍ സിബിഐക്ക് പരാതി നല്‍കിയിരുന്നു! സിബിഐയുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ മാണി സി കാപ്പന്‍ പറയുന്നത്- 'കണ്ണൂര്‍ എയര്‍പോര്‍ട്ട് ഷെയറുകള്‍ വിതരണം ചെയ്യാന്‍ പോകുമ്പോള്‍, ദിനേശ് മേനോന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും അദ്ദേഹത്തിന്റെ മകന്‍ ബിനീഷിനെയും പരിചയപ്പെടണം, ഞാന്‍ അവരെ ദിനേശ് മേനോന് പരിചയപ്പെടുത്തി.
കാപ്പന്‍ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നോ?
പണം കൊടുക്കല്‍ നടത്തിയതിന് ശേഷം ദിനേശ് മേനോന്‍ എന്നോട് പറഞ്ഞപ്പോളാണ് ചില പേയ്മെന്റുകള്‍ ദിനേശ് മേനോന്‍ നടത്തിയെന്ന് ഞാന്‍ മനസ്സിലാക്കിയത്'. - ഈ വിഷയത്തില്‍ ഉള്‍പ്പെട്ടവരോട് സംസാരിക്കാമെന്ന് പറഞ്ഞുവെന്നും മാണി സി കാപ്പന്‍ സിബിഐക്ക് നല്‍കിയ മറുപടിയില്‍ പറഞ്ഞിരിക്കുന്നു! ഇനി അറിയാന്‍ താല്‍പര്യം, ഇപ്പോള്‍ എല്‍ഡിഎഫ് എംഎല്‍എയായ മാണി സി കാപ്പന്‍, നിലവിലെ സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേര് പരാമര്‍ശിച്ച് സിബിഐക്ക് എഴുതി നല്‍കിയ ഈ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ?
കാപ്പന്‍ ഇന്ന് ഇടത് എംഎല്‍എ
കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ സിപിഐ (എം) സംസ്ഥാന സെക്രട്ടറിക്കും മകനും കൈക്കൂലി കൊടുത്തതു സംബന്ധിച്ച് സിബിഐയ്ക്ക് മൊഴി നല്‍കിയ മാണി സി കാപ്പന്‍ ഇപ്പോള്‍ ഇടതുമുന്നണിയുടെ എംഎല്‍എയാണ്. ഇക്കാര്യത്തില്‍ നിജസ്ഥിതി അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്!' എന്നാണ് ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
നിഷേധിച്ച് കാപ്പന്‍
അതേസമയം ഷിബു ബേബി ജോണിന്റെ ആരോപണം പൂര്‍ണമായും തളളിക്കളഞ്ഞ് മാണി സി കാപ്പന്‍ രംഗത്ത് എത്തി. സിബിഐക്ക് കോടിയേരിക്കോ മകനോ എതിരെ ഒരു മൊഴിയും കൊടുത്തിട്ടില്ലെന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു. അത്തരമൊരു കേസും ഇല്ലെന്നും കാപ്പന്‍ വ്യക്തമാക്കി. ഷിബു ബേബി ജോണ്‍ കാണിച്ച രേഖകളില്‍ തന്റെ ഒപ്പില്ലെന്നും അത് വ്യാജമാണെന്നും കാപ്പന്‍ പറഞ്ഞു. ആര്‍ക്കും പണം കൊടുത്തിട്ടില്ലെന്ന് വ്യവസായി വ്യക്തമാക്കിയിട്ടുണ്ടെന്നും കാപ്പന്‍ പറഞ്ഞു.
താറടിച്ച് കാണിക്കാനുളള ശ്രമം
ഇത് ഇലക്ഷന്‍ സമയത്ത് പൊട്ടിച്ച വെടിയാണെന്നും അത് തന്റെ മുതുകത്ത് വേണ്ടായിരുന്നു എന്ന് ഷിബു ബേബി ജോണിനെ വിളിച്ച് പറഞ്ഞുവെന്നും കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ പരാതി കൊടുത്തിട്ടുണ്ട് എന്ന് കാപ്പന്‍ പറഞ്ഞു. ഇത് കോടിയേരിയെ താറടിച്ച് കാണിക്കാനും മുന്നോട്ടുളള തന്റെ വളര്‍ച്ച തടയാനുമുളള നടപടിയാണെന്നും കാപ്പന്‍ ആരോപിച്ചു. വ്യവസായിക്ക് കോടിയേരിയെ എന്ന പോലെ ഉമ്മന്‍ ചാണ്ടിയേയും ചെന്നിത്തലയേയും അടക്കം പരിചയപ്പെടുത്തിയിട്ടുണ്ടെന്നും കാപ്പന്‍ പറഞ്ഞു.
0 Comments