
കാഞ്ഞങ്ങാട്: നിര്‍ദ്ദിഷ്ട അജാനൂര്‍ ചിത്താരി മിനി ഹാര്‍ബര്‍ നിര്‍മ്മാണത്തിനു മുന്നോടിയായി അന്തിമസര്‍വ്വേ തുടങ്ങി.
ഹാര്‍ബര്‍ എന്‍ജിനിയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് സര്‍വ്വേ നടത്തുന്നത്. കരയില്‍ നിന്നു ഒരു കിലോമീറ്റര്‍ പരിധിയില്‍ അടിത്തട്ടിലെ ചെളിയുടെയും വെള്ളത്തിന്റെയും സ്വഭാവം പഠിക്കുകയാണ് ലക്ഷ്യം. കടലില്‍ രണ്ടര മീറ്റര്‍ മുതല്‍ അഞ്ച് വരെ ദുരങ്ങളില്‍ നിന്നും ഇടവിട്ട് അഞ്ച് മുതല്‍ എട്ട് വരെ മീറ്റര്‍ ആഴത്തില്‍ നിന്നാണ് ചെളിയും വെള്ളവും ശേഖരിക്കുന്നത്. ഇന്ന് രാവിലെ ആറര മുതല്‍ 11 വരെ ഇത്തരത്തില്‍ ശേഖരണം തുടര്‍ന്നു. പിന്നിട് കരയിലും ചിത്താരി പുഴയിലും പരിശോധന തുടര്‍ന്നു വ്യാഴാഴ്ച വൈകിട്ട് മുതല്‍ അഴിമുഖത്തു നിന്നും ഒഴുകിയെത്തുന്ന വെള്ളത്തിന്റെ ഗതിയും വിലയിരുത്തി.
ഇന്ന് കടലിലെ അടിത്തട്ടില്‍ നിന്നും ശേഖരിച്ച ചെളിയും വെള്ളവും പുനെയിലെ സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സെന്ററിലേക്ക് അയക്കും. അഴിമുഖത്തോട് ചേര്‍ന്നാണ് ഹാര്‍ബര്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്. അസി. എഞ്ചിനിയര്‍മാരായ എം. ഷിബു, വിനോ ആല്‍ബര്‍ട്ട്, ഓവര്‍സീയര്‍ പി.അനൂപ്, ചെയിന്‍മാന്‍ പി.യു.ഷറഫുുദ്ദീന്‍ എന്നിവരാണ് സര്‍വ്വെ നടത്തുന്നത്. മത്സ്യത്തൊഴിലാളികളായ രവീന്ദ്രന്‍ അജാനൂര്‍, പുഷ്‌കരന്‍, രാജേഷ്, രതീഷ്, സജേഷ് എന്നിവരും സഹായത്തിനായി ഒപ്പമുണ്ട്.
അജാനൂര്‍ ഫിഷിങ് ഹാര്‍ബര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി ഹാര്‍ബര്‍ എന്‍ജിനിയറിങ് വിഭാഗത്തിലെ അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍ ജയദീപിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ നേരത്തെ അജാനൂരിലെത്തിയിരുന്നു. ഗതി മാറ്റങ്ങള്‍ പഠിക്കാനാണ് സംഘം എത്തിയത്. നേരത്തെ നിരവധി സര്‍വ്വേകള്‍ ഇതുമായി ബന്ധപ്പെട്ട് നടന്നിരുന്നു. പുഴയുടെ ഒഴുക്കിന്റെ വേഗത കൃത്യമായി മനസ്സിലാക്കല്‍, പുഴയില്‍ നിന്ന് ഓരോ സമയവും സമുദ്രത്തില്‍ പതിയുന്ന വെള്ളത്തില്‍ എത്രത്തോളം മണലും എത്തിച്ചേരുന്നുണ്ടെന്ന കണ്ടെത്തല്‍ നിരവധി പഠനങ്ങളാണ് നേരത്തെ നടത്തിത്.
0 Comments