മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുമ്പോള്‍ 40 അടി ചുറ്റളവിലുള്ളവരെ ഒഴിപ്പിക്കേണ്ടി വരുമെന്ന് കമ്പനികള്‍

മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുമ്പോള്‍ 40 അടി ചുറ്റളവിലുള്ളവരെ ഒഴിപ്പിക്കേണ്ടി വരുമെന്ന് കമ്പനികള്‍




നിയന്ത്രിത സ്ഫോടനത്തിലൂടെ മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുമ്പോള്‍ 40 അടി ചുറ്റളവിലുള്ളവരെ ഒഴിപ്പിക്കേണ്ടി വരുമെന്ന് കമ്പനികള്‍. പൊളിക്കുന്നതിനു മുന്‍പ് നഗരസഭക്ക് നല്‍കിയ താത്പര്യ പത്രത്തിലാണ് കമ്പനികള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നിലവില്‍ ഫ്ളാറ്റ് പൊളിക്കുന്നതിനായി മൂന്ന് കമ്പനികളാണ് പരിഗണനയിലുള്ളത്. കെട്ടിടം കൈമാറി രണ്ട് മാസത്തിനകം പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാമെന്ന് കമ്പനികള്‍ ഇതിനോടകം അറിയിച്ചിട്ടുണ്ട്.

അതേസമയം, കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വിവിധ ഫ്ളാറ്റ് നിര്‍മാതാക്കളുടെ ഓഫീസുകളില്‍ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തു. ഫ്ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ ഏറെ ആശങ്കയിലാണ്.  സ്ഫോടനം നടക്കുമ്പോള്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടാകുമെന്നും ഇത് പരിഹരിക്കാന്‍ നടപടി വേണമെന്നാമാവശ്യപ്പെട്ട് നാട്ടുകാര്‍ ഒപ്പിട്ട പരാതി നഗരസഭയ്ക്കും സര്‍ക്കാരിനും നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഫ്ളാറ്റ് പൊളിക്കുന്നതിന് നഗരസഭ തയ്യാറാക്കിയ ലിസ്റ്റില്‍ ഒന്നാമതുള്ള മുംബൈയിലെ എഡിഫൈസ് എന്‍ജിനീയറിംഗ് കമ്പനിയുടെ ഉടമ ഉല്‍ക്കര്‍ഷ് മേത്തയുടെ പ്രതികരണം. ഫ്ലാറ്റുകള്‍ സ്ഫോടനം നടത്തി പൊളിച്ച് മാറ്റുമ്പോള്‍ 40 അടി ചുറ്റളവിലുള്ളവരെ ഒഴിപ്പിക്കേണ്ടി വരും. വീടുകള്‍ക്ക് യാതൊരു നാശനഷ്ടവും ഉണ്ടാകില്ലെന്നും. 80 ശതമാനം പൊടിപടലങ്ങളും നിയന്തിക്കാന്‍ കഴിയുമെന്നും ഉല്‍ക്കര്‍ഷ് മേത്ത പറഞ്ഞു.

ഓരോ ഫ്ളാറ്റിന്റെയും ഘടന അനുസരിച്ച് പല നിലകളിലായി സ്ഫോടകവസ്തുക്കള്‍ വച്ചാണ് പൊളിക്കുക. സ്ഫോടനം നടന്ന് പത്ത് സെക്കന്റിനുള്ളില്‍ ചീട്ടുകൊട്ടാരം തകരുന്നത് പോലെ ഫ്ളാറ്റ് നിലം പതിക്കും.  എഡിഫെയ്സ് എഞ്ചിനീയറിംഗ്, വിജയ സ്റ്റീല്‍സ്, സുബ്രമണ്യ എക്സ്പ്ലോസീവ് എന്നീ കമ്പനികളാണ് പ്രഥമ പരിഗണനയിലുള്ളത്.

മരടിലെ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെയുള്ള കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം, അല്‍ഫ, ഹോളിഫെയ്ത്, ജെയിന്‍ ഹൗസിംഗ് എന്നീ നിര്‍മാണ കമ്പനികളുടെ കൊച്ചിയിലെ ഓഫീസുകളില്‍ റെയ്ഡ് നടത്തി. മരടിലെ ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകള്‍ സംഘം പിടിച്ചെടുത്തു. ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്യത്തിലുള്ള പത്തംഗ സംഘമാണ് ഓഫീസുകളില്‍ പരിശോധന നടത്തുന്നത്. മരട് നഗരസഭയിലെത്തി സംഘം ഇന്നലെ രേഖകള്‍ പരിശോധിച്ചിരുന്നു.

Post a Comment

0 Comments