
മുംബൈ: മുംബൈ മെട്രോയുടെ കാര്‍ പാര്‍ക്കിങ്ങിന് വേണ്ടി മരങ്ങള്‍ മുറിക്കുന്നത് തടയുന്നതിന് എത്തിയ 29 സന്നദ്ധ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുംബൈയിലെ ആരെ കോളനിക്ക് സമീപമാണ് സംഭവമുണ്ടായത്. മരങ്ങള്‍ മുറിക്കുന്നതിനെതിരെ പരിസ്ഥിതി സംഘടനകള്‍ നല്‍കിയ ഹര്‍ജി തള്ളിയതിന് തൊട്ടുപിന്നാലെയാണ് അധികൃതര്‍ മരംമുറിച്ചുതുടങ്ങിയത്.
സംഭവത്തില്‍ 38 പേര്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. മുംബൈ പോലീസ് പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അറസ്റ്റിലായ ഇരുപത് പേരെ പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.
പാര്‍ക്കിങ്ങ് സ്ഥലത്തിനായി ഏകദേശം 2000 മരങ്ങളാണ് മുറിക്കേണ്ടത്. ശനിയാഴ്ച രാത്രി മാത്രം 200 ഓളം മരങ്ങള്‍ മുറിച്ചുമാറ്റിയിരുന്നു. മുംബൈ നഗരത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്ന പ്രദേശത്തെ മരങ്ങളാണ് വ്യാപകമായി നശിപ്പിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.
പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് വന്‍ പോലീസ് സന്നാഹമാണ് ആരേ കോളനിയില്‍ വിന്യസിപ്പിച്ചിരിക്കുന്നത്. വിനോദസഞ്ചാരികള്‍ അടക്കമുള്ളവരെ പോലും പ്രവേശിപ്പിക്കാന്‍ പോലും പോലീസ് അനുവദിക്കുന്നില്ല. മുംബൈ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് മരങ്ങള്‍ മുറിക്കുന്നത്.
മഹാരാഷ്ട്രാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ വിഷയത്തില്‍ പ്രതികരണവുമായി താക്കറെ കുടുംബത്തിലെ ഇളമുറക്കാരനും സ്ഥാനാര്‍ത്ഥിയുമായ ആദിത്യാ താക്കറെ രംഗത്തുവന്നു. രാത്രിയുടെ മറവില്‍ മരം മുറിക്കുന്നത് ഭീരുത്വമാണെന്ന് അദ്ദേഹം ആരോപിച്ചു.
0 Comments