ഡോക്ടർമാരുടെ താത്ക്കാലിക നിയമനം: സർക്കാറിന്റെ പുതിയ ഉത്തരവ് പുന:പരിശോധിക്കണം: എ.ജി.സി ബഷീർ

ഡോക്ടർമാരുടെ താത്ക്കാലിക നിയമനം: സർക്കാറിന്റെ പുതിയ ഉത്തരവ് പുന:പരിശോധിക്കണം: എ.ജി.സി ബഷീർ




കാസർകോട്: സർക്കാർ ആശുപത്രികളിലെ ഒഴിവുള്ള ഡോക്ടർമാരുടെ തസ്തികകളിൽ അഡ്ഹോക്ക് സംവിധാനത്തിലൂടെ നിയമിക്കാനുള്ള ഡി.എം.ഒ വിന്റെ അധികാരം എടുത്തു കളഞ്ഞ സർക്കാർ നടപടി പുന:പരിശോധിക്കണമെന്ന് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. കാസർകോട് പോലെയുള്ള പിന്നോക്ക ജില്ലകളിൽ നിരവധിയാർന്ന ഡോക്ടർമാരുടെ ഒഴിവുകളാണ് വന്നു കൊണ്ടിരിക്കുന്നത്. അത്തരം സന്ദർഭങ്ങളിലെല്ലാം ഡി.എം.ഒ ആണ് ഇപ്പോൾ താത്ക്കാലികാടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിച്ചു വരുന്നത്. സർക്കാർ ഇറക്കിയ പുതിയ ഉത്തരവിലൂടെ ഇത്തരം നിയമനങ്ങൾ ഡയറക്ടർ ഓഫ് ഹെൽത്ത് സെർവീസസിന് (ഡി.എച്ച്.എസ്) വിട്ടിരിക്കുകയാണ്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ മാത്രമാണ് ഡി.എം.ഒവിനുള്ള അധികാരം. ഇതുമൂലം ജില്ലയിൽ ആരോഗ്യ മേഘല വലിയ പ്രതിസന്ധിയിലേക്ക് വരാൻ വേണ്ടി പോകുകയാണ്.

കഴിഞ്ഞ ദിവസം ബേഡഡുക്ക സി.എച്ച്.സിയിലെ നാല് ഡോക്ടർമാർ ഒറ്റയടിക്ക് പിരിഞ്ഞു പോയി. പകരം ഒരാളെ പോലും നിയമിക്കാൻ ഡി.എം.ഒക്ക് കഴിയാത്ത അവസ്ഥയാണുള്ളത്. കാസർകോട് ജില്ല പോലുള്ള പിന്നോക്ക ജില്ലകളിൽ ഈ ഉത്തരവ് മൂലമുണ്ടാകുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും. കാസർകോട് ജില്ലയിലെ വിവിധ ആശുപത്രികളിൽ താത്ക്കാലികാടിസ്ഥാനത്തിൽ നൂറുക്കണക്കിന് ഡോക്ടർമാരാണ് ഇപ്പോൾ സേവനം ചെയ്തു വരുന്നത്. ഈ ഉത്തരവ് പുന പരിശോധിക്കണമെന്നും പഴയ രീതിയിൽ ഡി.എം.ഒക്ക് ഡോക്ടർമാരെ താത്ക്കാലികാടിസ്ഥാനത്തിൽ നിയമിക്കാനുള്ള അധികാരം കൈമാറണമെന്നും എ.ജി.സി ബഷീർ മന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.

Post a Comment

0 Comments