
രാജ്യത്തെ മുൻനിര ടെലികോം കമ്പനികളെല്ലാം ഔട്ട് ഗോയിങ് കോളുകൾക്ക് നിരക്ക് ഈടാക്കിയേക്കുമെന്ന് റിപ്പോർട്ട്. ഭാരതി എയർടെല്ലും വോഡഫോൺ ഐഡിയയും റിലയൻസ് ജിയോയുടെ ഏറ്റവും പുതിയ നീക്കത്തെ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നാണ് വിപണി വൃത്തങ്ങൾ നൽകുന്ന സൂചന. ഓഫ്-നെറ്റ് ഔട്ട്ഗോയിങ് കോളുകൾക്ക് മറ്റു കമ്പനികളും നിരക്ക് ഈടാക്കാൻ തുടങ്ങുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. ഔട്ട് ഗോയിങ് കോളുകൾക്ക് മിനിറ്റിന് 6 പൈസ ഈടാക്കാനുള്ള ജിയോയുടെ നീക്കം പ്രയോജനപ്പെടുത്തുന്നതിന് എയർടെലും വിഐഎലും നിരക്കിൽ പരിഷ്കാരങ്ങൾ നടത്തിയേക്കുമെന്നു റിപ്പോർട്ടുകളുണ്ട്. അതായത് വൈകാതെ തന്നെ രാജ്യത്തെ വിവിധ ടെലികോം കമ്പനികൾ നല്‍കുന്ന അൺലിമിറ്റഡ് ഫ്രീ കോൾ അവസാനിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്.
ഓഫ്-നെറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾക്ക് പ്രത്യേകം ചാർജ് ചെയ്യുന്നതിലൂടെയോ അല്ലെങ്കിൽ ബണ്ടിൽഡ് പായ്ക്ക് വിലകൾ വർധിപ്പിക്കുന്നതിലൂടെയോ സാമ്പത്തിക പ്രതിസന്ധി തീർക്കാനാണ് ഭാരതി എയർടെല്ലിനും വോഡഫോൺ ഐഡിയയും ലക്ഷ്യമിടുക. താരിഫ് ഉയർത്താനുള്ള അവസരമായിട്ടാകും മിക്ക കമ്പനികളും നിലവിലെ സാഹചര്യം ഉപയോഗപ്പെടുത്തുക.
ജിയോയ്‌ക്കെതിരെ വീണ്ടും മത്സരം നടത്താൻ മറ്റു കമ്പനികൾ ശ്രമിച്ചേക്കില്ല. നേരത്തെ നിരക്ക് കുറച്ച് ജിയോക്കെതിരെ പോരാടാനിറങ്ങിയ കമ്പനികൾക്കെല്ലാം വൻ തിരിച്ചടിയാണ് നേരിട്ടിട്ടുള്ളത്. ഇതിനാൽ ഇത്തരമൊരു പരീക്ഷണം അവർ നടത്തിയേക്കില്ല.
എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയുടെ ഓഹരികൾ വ്യാഴാഴ്ച രാവിലെ യഥാക്രമം 3.65 ശതമാനവും 4.45 ശതമാനവും ഉയർന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികളും 2.43 ശതമാനം ഉയർന്നു. ടെലികോം വിപണിയിലെ പ്രതീക്ഷകളാണ് ഓഹരി വിപണിയിലും പ്രകടമായിരിക്കുന്നത്. എയർ-നെറ്റ് ഔട്ട്ഗോയിങ് കോളുകൾക്ക് മിനിറ്റിന് 6 പൈസ എയർടെല്ലും വോഡഫോൺ ഐഡിയയും ചാർജ് ഈടാക്കാൻ തുടങ്ങിയാൽ അവരുടെ EBITDA 1200 കോടി രൂപയിലേക്ക് ഉയരുമെന്നാണ് നിഗമനം.
0 Comments