വെള്ളിയാഴ്‌ച, ഒക്‌ടോബർ 18, 2019


കാഞ്ഞങ്ങാട്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ  ഒരു വര്‍ഷക്കാലം പീഡിപ്പിച്ച കേസില്‍ പ്രതിയായ  യുവാവിനെ കോടതി 10 വര്‍ഷം കഠിന തടവിനും 15000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കോടോം പടിമരുതിലെ കെ  സുരേഷിനെ (24) യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജ് പി എസ്  ശശികുമാര്‍ ശിക്ഷിച്ചത്. സുരേഷ് പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധിക തടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. മാലോം എടക്കാനം സ്വദേശിനിയായ 14 കാരിയെ സുരേഷ് 2015 സെപ്തംബര്‍ മുതല്‍ 2016 ഫെബ്രുവരി വരെയുള്ള കാലയളവുകളില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ച് നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് കേസ്.സുരേഷ് പീഡിപ്പിക്കുന്ന വിവരം പിന്നീട് പെണ്‍കുട്ടി മാതാവിനെ അറിയിച്ചിരുന്നു. ഇത്  ചോദ്യം ചെയ്ത പെണ്‍കുട്ടിയുടെ മാതാവിനെ സുരേഷ് തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചതായുള്ള കേസും നിലവിലുണ്ട്.  പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അന്നത്തെ വെള്ളരിക്കുണ്ട് സി ഐ പി സുഭാഷാണ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റ പത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ