
കാസര്‍കോട്; കാറ്റും മഴയും ജില്ലയില്‍ വ്യാപകമായ കെടുതികള്‍ വിതയ്ക്കുന്നു. പലയിടങ്ങളിലും നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. വെള്ളപ്പൊക്കത്തില്‍ പരക്കെ കൃഷിനാശവും സംഭവിച്ചു. തീരദേശങ്ങൡ കടലാക്രമണം രൂക്ഷമാകുകയാണ്. മൂസോടി കടപ്പുറത്താണ് രൂക്ഷമായ കടലാക്രമണം നേരിടുന്നത്. ഫ്രഞ്ച് പൗരന്റെ ഔട്ട് ഹൗസ് തകര്‍ന്നു.വെള്ളിയാഴ്ച രാവിലെ മുതലാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി കടല്‍ ക്ഷോഭം രൂക്ഷമായത്. മത്സ്യത്തൊഴിലാളി ഹസൈനാറിന്റെ വീട് അപകട ഭീഷണിയിലാണ്. രണ്ട് മാസം മുമ്പുണ്ടായ കടല്‍ ക്ഷോഭത്തില്‍ പത്തോളം വീടുകളും പള്ളിയും തകര്‍ന്നിരുന്നു. നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. എന്തും സംഭവിക്കാമെന്ന ഭീതിയോടെയാണ് പല കുടുംബങ്ങളും കഴിയുന്നത്. നേരത്തെ ഉണ്ടായ കടല്‍ ക്ഷോഭത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ ഇപ്പോഴും ബന്ധുവീട്ടിലും മറ്റുമാണ് കഴിയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച കടല്‍ഭിത്തികള്‍ തകര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ കടല്‍ ക്ഷോഭത്തില്‍ നഷ്ടം നേരിട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അര്‍ഹമായ സഹായം ലഭിച്ചില്ലെന്ന് പരാതിയും നിലനില്‍ക്കുന്നു. കടലാക്രമണം രൂക്ഷമായത് കാരണം കരയിടിയുന്നതിനാല്‍ കടല്‍ കാണാന്‍ എത്തുന്നവര്‍ യാതൊരു കാരണവശാലും കടലിനടുത്തേക്ക് പോകരുതെന്ന് തീരദേശ വാസികള്‍ മുന്നറിയിപ്പ് നല്‍കി. അജാനൂര്‍ കടപ്പുറത്ത് കുട്ടികളുമായി എത്തിയ ദമ്പതികളുടെ നാലുവയസുള്ള കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കടലോരത്ത് നില്‍ക്കുകയായിരുന്ന ഇവരുടെ അടുത്തേക്കു പൊടുന്നനെ തിരയടിച്ചു വന്നു. നിന്നയിടത്തെ മണ്ണടക്കം തിരയെടുത്തു. രക്ഷിതാവിന്റെ കൈയില്‍ നിന്നും പിടി വിട്ട കുട്ടിയെ ഭാഗ്യം കൊണ്ടാണ് തിരികെ കിട്ടിയത്.
വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് റോഡില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണ് പ്രദേശത്തെ ഏഴ് വൈദ്യുതി തൂണുകള്‍ നിലംപൊത്തി. സംഭവ സമയത്ത് റോഡില്‍ വാഹനങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് സംഘവും നാട്ടുകാരും രാത്രി തന്നെ മരം റോഡില്‍ നിന്ന് നീക്കാനുള്ള ശ്രമം ആരംഭിച്ചു. കെ എസ് ഇ ബി അധികൃതരുടെ നേതൃത്വത്തില്‍ തൂണുകളും വയറുകളും മാറ്റി വരികയാണ്. നെല്ലിക്കുന്ന് സെക്ഷന്‍ പരിധിയില്‍ പൂര്‍ണമായും വൈദ്യുതി മുടങ്ങി. മരത്തിന്റെ അപകടാവസ്ഥ സംബന്ധിച്ച് നെല്ലിക്കുന്ന് സ്പോര്‍ട്ടിംഗ് ക്ലബ്ബ് ഭാരവാഹികള്‍ മാസങ്ങള്‍ക്ക് മുമ്പ് കലക്ടര്‍, റവന്യൂ അധികൃതര്‍, നഗരസഭാ അധികൃതര്‍ തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാന പാതയില്‍ കൂറ്റന്‍ മരം വീണ് ഏറെ നേരം ഗതാഗതം മുടങ്ങി. കുറ്റിക്കോലില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും ആദൂര്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് മരം നീക്കുകയായിരുന്നു. എന്‍മകജെ മലത്തടുക്കയില്‍ കുന്നിടിഞ്ഞ് മണ്ണ് വീണ് ഗംഗാധര ഗൗഡയുടെ ഓട് പാകിയ വീട് തകര്‍ന്നു. ചുമരിന് വിള്ളല്‍ വീണു.
നിരവധി വീടുകള്‍ക്കാണ് കാറ്റിലും മഴയിലും നാശനഷ്ടമുണ്ടായത്. വ്യാപക കൃഷിനാശവും ഉണ്ടായി. കടല്‍ ക്ഷോഭം രൂക്ഷമായതിനാല്‍ തീരദേശ പ്രദേശത്തുള്ളവര്‍ വലിയ ഭീതിയിലാണ്.
0 Comments