
കാസര്‍കോട്: ഹോട്ടല്‍ മുറിയില്‍ നിന്ന് യു പി പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട എ ടി എം തട്ടിപ്പ് കേസിലെ പ്രതികള്‍ കാസര്‍കോട് പോലീസ് കുടുക്കി. കളനാട്ടെ അബ്ദുല്‍ റഹ്മാന്‍ ജംഷീദ് (25), കീഴൂര്‍ പടിഞ്ഞാറിലെ അബ്ദുല്‍ റൈഫാദ് (25) എന്നിവരാണ് പോലീസ് പിടിയിലായത്. ഇരുവരെയും തളങ്കരയില്‍ നിന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. എ ടി എം കൗണ്ടറുകളില്‍ ക്യാമറ സ്ഥാപിച്ച് പാസ്‌വേര്‍ഡുകള്‍ ചോര്‍ത്തിയ ശേഷം വ്യാജ എ ടി എം കാര്‍ഡുകള്‍ ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസുമായി ബന്ധപ്പെട്ട് ഏതാനും ദിവസം മുമ്പാണ് ജംഷീദും റൈഫാദും അടക്കമുള്ള അഞ്ച് പേര്‍ ഉത്തര്‍പ്രദേശില്‍ പിടിയിലായത്. ജംഷീദിനെയും റൈഫാദിനെയും തെളിവെടുപ്പിനായി യു പി പോലീസ് കഴിഞ്ഞ ദിവസം രാത്രിയാണ് കാസര്‍കോട്ടെത്തിച്ചത്. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒരു ഹോട്ടല്‍ മുറിയില്‍ രണ്ടു പ്രതികളെയും താമസിപ്പിച്ചിരുന്നു. ഇതിനിടയിലാണ് യു പി പോലീസിനെ കബളിപ്പിച്ച് പ്രതികള്‍ രക്ഷപ്പെട്ടത്.അതിനിടെ ക്രൂര പീഡനം സഹിക്കാനാകാതെയാണ് യു പി പോലീസിനെ വെട്ടിച്ച് ഹോട്ടല്‍ മുറിയില്‍ നിന്ന് രക്ഷപ്പെടേണ്ടി വന്നതെന്ന് എ ടി എം തട്ടിപ്പ് കേസിലെ പ്രതികള്‍ കാസര്‍കോട് പോലീസിനോട് വെളിപ്പെടുത്തി. പുതിയ കോട്ട ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഹോട്ടല്‍ മുറിയില്‍ താമസിച്ച് ചോദ്യം ചെയ്ത് വരുന്നതിനിടെ യു പി പോലീസ് തങ്ങളെ ഷോക്കടിപ്പിച്ചും മര്‍ദിച്ചും ക്രൂരമായി പീഡിപ്പിച്ചെന്നും ഇത് സഹിക്കാനാകാതെയാണ് ഹോട്ടല്‍ മുറിയില്‍ നിന്ന് പോലീസിന്റെ കണ്ണ് വെട്ടിച്ച് തങ്ങള്‍ ഓടി രക്ഷപ്പെട്ടതെന്നും എ ടി എം തട്ടിപ്പ് കേസിലെ പ്രതികളായ കളനാട്ടെ ജംഷീദും റൈഫാദും കാസര്‍കോട് പോലീസിനോട് വ്യക്തമാക്കി. അതേ സമയം കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടതിന് യു പി പോലീസിന്റെ പരാതിയില്‍ രണ്ടുപേര്‍ക്കുമെതിരെ കാസര്‍കോട് പോലീസ് കേസെടുത്തിട്ടുണ്ട്.
0 Comments