കാഞ്ഞങ്ങാട്: വിദേശത്തെ വിദഗ്ദ്ധ പരിശീലനം നേടി തിരിച്ചെത്തിയ മംഗലാപുരത്തെ പ്രശസ്ത എല്ലു രോഗ ചികിത്സാ വിദഗ്ധനായ ഡോക്ടർ അഹമ്മദ് റിസ്‌വാനെ മൻസൂർ ഹോസ്പിറ്റൽ അനുമോദിച്ചു. കാസറഗോഡ് സ്വദേശിയായ ഇദ്ദേഹം മംഗലാപുരത്തെ പ്രശസ്ത സന്ധിമാറ്റിവക്കൽ, നട്ടെല്ല് ചികിത്സാ വിദഗ്ധനായ ഡോക്ടർ ജലാലുദ്ദീൻ ഉൾപ്പെടെ എല്ലുരോഗ ചികിത്സയിലെ വിവിധ മേഖലകളിൽ വിദഗ്ധരായ ഡോക്ടർമാർ ഒരുമിച്ചാണ് പ്രാക്ടീസ് ചെയ്യുന്നത്.
മനുഷ്യ ശരീര അവയവങ്ങളിൽ ഉണ്ടാവുന്ന വൈകല്യം, കൈകാലുകളിൽ ഉണ്ടാവുന്ന നീളക്കുറവ് തുടങ്ങിയ അവസ്ഥകൾ ഓപ്പറേഷനിലൂടെ പരിഹരിക്കുന്നതിൽ അദ്ദേഹം പ്രത്യക പ്രാവീണ്യം നേടിയിട്ടുണ്ട്.
ഇക്കാര്യത്തിൽ റഷ്യയിലെ കുർഗൻ, അമേരിക്കയിലെ ബാൽട്ടിമർ, എന്നിവിടങ്ങളിൽ നിന്നും നേരത്തേ ഫെല്ലോഷിപ് നേടിയിട്ടുള്ള ഡോ. റിസ്‌വാൻ ഈയടുത്തായി ചൈനയിലെ ബീജിംഗ് NRRA യിൽ നിന്നും ഫെല്ലോഷിപ് നേടിയിട്ടുണ്ട്. ഇത്തരത്തിലുള്ള ചികിത്സയിൽ പ്രത്യേക പ്രാവീണ്യം നേടിയിട്ടുള്ള മംഗലാപുരത്തെ ഏക ഡോക്ടറായ ഇദ്ദേഹം കേരള, കർണാടക സംസ്ഥാനങ്ങളിൽ തന്നെ ഇത്തരത്തിൽ പ്രാവീണ്യം നേടിയ ചുരുക്കം ഡോക്ടർമാരിൽ ഒരാളാണ്. മുതിർന്നവരിലെ അംഗവൈകല്യം പരിഹരിക്കുക എന്നത് കുട്ടികളിലേതിനേക്കാൾ താരതമ്യേന ശ്രമകരമാണ്. അത് കൊണ്ട് തന്നെ പലരും അക്കാര്യത്തിൽ ശ്രദ്ധ പതിപ്പിക്കാറുമില്ല. കൂടാതെ നമ്മുടെ നാട്ടിലെ സാധാരണക്കാർക്ക് അത്തരം ചികിത്സകൾക്കുള്ള ചിലവ് താങ്ങാനാവുമോ എന്ന് ആശങ്കയും ഉണ്ടാവാറുണ്ട്. സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ഒരു ഡോക്ടർ എന്ന നിലയിൽ ഈ രംഗത്തു പരമാവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുവാനും അദ്ദേഹത്തിന് സാധിക്കും. അദ്ദേഹം അതിനു തയ്യാറുമാണ്.
മംഗലാപുരത്തെ അറിയപ്പെടുന്നതും തിരക്കുള്ളതുമായ ഡോക്ടറായിട്ടും തന്റെ നാടിനോടും നാട്ടുകാരോടുമുള്ള അടുപ്പം കൈ വിടാത്ത ഇദ്ദേഹം തന്റെ സഹപ്രവർത്തകരായ ഡോക്ടർമാരുമായി സഹകരിച്ചു ആഴ്ച്ചയിൽ ഒരു ദിവസമെങ്കിലും തങ്ങളിൽ ഒരാൾ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കണമെന്ന് തീരുമാനിക്കുകയും അതനുസരിച്ചു ഓരോ വ്യാഴാഴ്ച ഓരോരുത്തർ എന്ന നിലയിൽ കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റലിൽ വന്ന് രോഗികൾക്ക് ആവശ്യമായ ചികിത്സകൾ നൽകുകയും ചെയ്യുന്നു. ഇപ്പോൾ OP വിഭാഗത്തിൽ ആണ് സേവനം ലഭിക്കുന്നതെങ്കിലും താമസിയാതെ അത്യാവശ്യ ഘട്ടത്തിൽ ഓപ്പറേഷൻ ഉൾപ്പെടെ ഉള്ള സേവനങ്ങൾ ലഭ്യമാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
ചടങ്ങിൽ മൻസൂർ ഹോസ്പിറ്റൽ ചെയർമാൻ സി. കുഞ്ഞാമദ് പാലക്കി ഡോക്ടർ റിസ്‌വാന് ഉപഹാരം നൽകി ആദരിച്ചു. മൻസൂർ ഹോസ്പിറ്റൽ ഡയറക്ടർമാരായ ഷംസുദ്ദീൻ പാലക്കി, ഖാലിദ് സി പാലക്കി, മൻസൂർ സ്‌കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പാൾ ത്രേസ്യാമ്മ കുര്യൻ, സ്റ്റാഫ്, സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർത്ഥിനികൾ എന്നിവർ സംബന്ധിച്ചു.
0 Comments