
നീലേശ്വരം : റോഡ് അരികിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മിനി ലോറിയുടെ ബാറ്ററി മോഷ്ടിച്ച സംഭവത്തില്‍ ബസ് കണ്ടക്ടര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. ബസ് കണ്ടക്ടര്‍ കയ്യൂര്‍ ചെറിയാക്കരയിലെ എം.പ്രിയേഷ് കുമാര്‍ (33), സുഹൃത്ത് കയ്യൂര്‍ മാങ്കോട്ടത്ത് ഹൗസിലെ എം.അഖില്‍ (31) എന്നിവരെയാണ് നീലേശ്വരം എസ്‌ഐ രഞ്ജിത് രവീന്ദ്രന്‍ അറസ്റ്റ് ചെയ്തത്. പേരോല്‍ പുത്തരിയടുക്കം മൈമൂന ഹൗസിലെ പി.അസീസിന്റെ കെഎല്‍ 60 ബി 604 നമ്പര്‍ മിനി ലോറിയുടെ ബാറ്ററിയാണ് ഇരുവരും മോഷ്ടിച്ചത്. അടുത്തിടെ പല തവണയായി നടന്ന ബാറ്ററി മോഷണങ്ങളില്‍ വലഞ്ഞ പോലീസ് സമീപത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇരുവരും ചേര്‍ന്ന് പട്ടാപ്പകല്‍ ബാറ്ററി മോഷ്ടിക്കുന്ന ദൃശ്യം ലഭിച്ചത്. സ്‌കൂട്ടറിലെത്തി ബാറ്ററി മോഷ്ടിച്ച് അതേ സ്‌കൂട്ടറില്‍ കടത്തുകയായിരുന്നു. നവംബര്‍ അഞ്ചിനും ആറിനും ഇടയിലാണു മോഷണം നടന്നത്. 8500 രൂപ വില വരുന്ന ബാറ്ററിയാണ് മോഷ്ടിക്കപ്പെട്ടത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നീലേശ്വരത്ത് അടുത്തിടെ നടന്ന ബാറ്ററി, ഇന്ധന മോഷണക്കേസുകളില്‍ ഇരുവരുടെയും പങ്ക് പോലീസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ മറ്റു സംഭവങ്ങളിലൊന്നും തങ്ങള്‍ക്കു പങ്കില്ലെന്നാണ് ഇവര്‍ പോലീസിനോടു പറഞ്ഞതെന്നറിയുന്നു.
0 Comments