
ന്യൂഡല്‍ഹി: രാജ്യത്തെ ഉപഭോക്തൃ മേഖല വന്‍ തകര്‍ച്ചയിലെന്ന് ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്റെ കണക്കുകള്‍. 2017 ജൂലൈ മുതല്‍ 2018 ജൂണ്‍ വരെ ഉപഭോക്തൃ മേഖലയിലെ ചെലവഴിക്കലില്‍ വന്‍ ഇടിവാണ് ഉണ്ടായതെന്ന് കണക്കുകള്‍ പറയുന്നു. നാല്‍പ്പതു വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ ഇടിവാണിത്.
സര്‍വേ പ്രകാരം പ്രധാന സൂചികകളായ ഹൗസ്ഹോള്‍ഡ് കണ്‍സ്യൂമര്‍ എക്സപന്‍ഡിച്ചര്‍ (മാസത്തില്‍ ഒരു വ്യക്തി ശരാശരി ചെലവഴിക്കുന്ന തുക) 3.7 ശതമാനത്തിലേക്ക് ചുരുങ്ങി. 2011-12ല്‍ 1501 രൂപയാണ് ചെലവഴിച്ചിരുന്നത് എങ്കില്‍ 2017-18ല്‍ അത് 1446 രൂപയാണ് എന്ന് വാര്‍ത്ത പുറത്തുവിട്ട ബിസിനസ് സ്റ്റാന്‍ഡേഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രാലയത്തില്‍ നിന്ന് ചോര്‍ന്നു കിട്ടിയ റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് പത്രം വാര്‍ത്ത തയ്യാറാക്കിയത്.
ചെലവഴിക്കലിലെ കുറവ് ദാരിദ്ര്യം വര്‍ദ്ധിക്കുന്നതിന്റെയും ഗ്രാമീണ വിപണി തകരുന്നതിന്റെയും സൂചനയാണ് എന്ന് വിദഗദ്ധരെ ഉദ്ധരിച്ച് പത്രം പറയുന്നു. 2017-18ല്‍ ഗ്രാമങ്ങളിലെ ഉപഭോക്തൃ വിനിയോഗം 8.8 ശതമാനമാണ്. നഗരങ്ങളില്‍ പത്ത് ശതമാനവും.
സര്‍വേ നടത്തിയ കാലത്താണ് മോദി സര്‍ക്കാര്‍ നോട്ടുനിരോധനവും ചരക്കു സേവന നികുതിയും കൊണ്ടുവന്നത്. വിപണിയില്‍ ഇവയുടെ പ്രതിഫലനം നെഗറ്റീവായിരുന്നു എന്നു തെളിയിക്കുന്നതു കൂടിയാണ് ഈ കണക്കുകള്‍.
ഭക്ഷ്യമേഖലയിലാണ് കൂടുതല്‍ പ്രതിസന്ധിയുണ്ടായിട്ടുള്ളത്. 2017-18ല്‍ പ്രതിമാസം ഗ്രാമീണ ഇന്ത്യയിലെ ഒരാള്‍ ഭക്ഷണത്തിനായി ചെലവിടുന്നത് 580 രൂപയാണ്. 2011-12ല്‍ ഇത് 643 രൂപയായിരുന്നു. ചെലവഴിക്കുന്നതില്‍ ക്രമാനുഗതമായ കുറവാണോ, അതോ നോട്ടുനിരോധനത്തിന് ശേഷമുള്ള പെട്ടെന്നുള്ള ആഘാതമാണോ ഇതിന് പിന്നിലെന്ന് വ്യക്തമല്ല.
ഭക്ഷ്യ എണ്ണ, ഉപ്പ്, പഞ്ചസാര, സുഗന്ധ വ്യഞ്ജനങ്ങള്‍ തുടങ്ങിയ വസ്തുക്കള്‍ വാങ്ങുന്നതിലെ ചെലവുകള്‍ ഇന്ത്യയ്ക്കാര്‍ ഗണ്യമായ രീതിയില്‍ കുറച്ചതായി റിപ്പോര്‍ട്ട് പറയുന്നു. പാല് എല്ലാത്ത എല്ലാറ്റിലും ഗ്രാമീണ മേഖലയില്‍ കുറവു വന്നിട്ടുണ്ട്. ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതും കുറച്ചു. 2011-12 ല്‍ നിന്ന് 2018ലെത്തുമ്പോള്‍ മേഖലയില്‍ 7.6 ശതമാനം കുറവാണ് ഉണ്ടായത്.
0 Comments