
ബദിയടുക്ക: ജീവനോടെ കെട്ടിത്തൂക്കിയതിനാല്‍ ശ്വാസം മുട്ടിയാണ് കീരികള്‍ ചത്തതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന.ഇതിന്റെ അടിസ്ഥാനത്തില്‍ മിണ്ടാപ്രാണികളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം വനംവകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുമ്പഡാജെ മാര്‍പ്പിനടുക്കയില്‍ സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തെ അക്കേഷ്യാ മരത്തിലാണ് രണ്ട് കീരികളെ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയിരുന്നത്. പിന്നീട് ഈ കീരികളെ സമീപത്ത് തന്നെ കുഴിച്ചുമൂടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കീരികളുടെ ജഡങ്ങള്‍ പുറത്തെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കുമ്പഡാജെ വെറ്റിനറി ഡോക്ടര്‍ ശ്രീല ലതിക പോസ്റ്റ് മോര്‍ട്ടം ചെയ്തപ്പോള്‍ കീരികളെ കൊന്നത് തന്നെയാണെന്ന് വ്യക്തമായി. എന്നാല്‍ കീരികളെ ജീവനോടെയാണ് കെട്ടിത്തൂക്കിയതെന്നും മരണം പിന്നീടാണ് സംഭവിച്ചതെന്നുമാണ് പോസ്റ്റു മോര്‍ട്ടത്തിലൂടെ ലഭിച്ച സൂചന. കീരികളെ അടിച്ചതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല. ശ്വാസനാളം മുറിഞ്ഞ നിലയിലായിരുന്നു. ഇതാണ് കീരികളെ ജീവനോടെ കെട്ടിത്തൂക്കിയതാണെന്ന നിഗമനത്തിന് കാരണം. വരും ദിവസങ്ങളില്‍ ഈ ഭാഗത്തെ സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്നും വിശദമായ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ അന്വേഷണമുണ്ടാകുമെന്നും വനംവകുപ്പ് വ്യക്തമാക്കി.
0 Comments