മുസ്ലിം തീവ്രവാദ സംഘടനയെന്ന് ഉദ്ദേശിച്ചത് എന്‍ഡിഎഫിനേയും പോപ്പുലര്‍ ഫ്രണ്ടിനേയും, മുസ്ലിം സമുദായത്തെ ആക്ഷേപിച്ചിട്ടില്ല - പി മോഹനന്‍ മാസ്റ്റര്‍

മുസ്ലിം തീവ്രവാദ സംഘടനയെന്ന് ഉദ്ദേശിച്ചത് എന്‍ഡിഎഫിനേയും പോപ്പുലര്‍ ഫ്രണ്ടിനേയും, മുസ്ലിം സമുദായത്തെ ആക്ഷേപിച്ചിട്ടില്ല - പി മോഹനന്‍ മാസ്റ്റര്‍



കോഴിക്കോട്: മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലിം തീവ്രവാദ സംഘടനകളെന്ന വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി പി മോഹനന്‍ മാസ്റ്റര്‍. മുസ്ലിം സമുദായത്തെ താന്‍ ആക്ഷേപിച്ചിട്ടില്ല. ഉദ്ദേശിച്ചത് എന്‍ഡിഎഫിനേയും പോപ്പുലര്‍ ഫ്രണ്ടിനേയും. അലനും താഹയ്ക്കും മാവോയിസ്റ്റുമകളുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വിഷയം ഏറ്റെടുക്കുന്നത് നല്ല ഉദ്ദേശ്യത്തോടെയല്ല. പറഞ്ഞകാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പി മോഹനന്‍ പറഞ്ഞു.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം തീവ്രവാദ സംഘടനകളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നതെന്നും പൊലീസ് ഇക്കാര്യം പരിശോധിക്കണമെന്നുമായിരുന്നു സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍ കഴിഞ്ഞ ദിവസം നടത്തിയ വിവാദ പ്രസ്താവന.

മുസ്ലിം തീവ്രവാദ പ്രസ്ഥാനമാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നത്. മാവോയിസ്റ്റുകളുമായി ഇവര്‍ക്ക് സൗഹൃദമുണ്ട്. ഇസ്ലാമിക തീവ്രവാദികള്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും താമരശ്ശേരിയില്‍ കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിലായിരുന്നു പി മോഹനന്‍ ഇക്കാര്യം പറഞ്ഞത്. ഇസ്ലാമിസ്റ്റ് തീവ്രവാദികളാണ് ഇപ്പോള്‍ കേരളത്തില്‍ മാവോയിസ്റ്റുകളെ പ്രോല്‍സാഹിപ്പിക്കുന്നത്. അതാണ് കോഴിക്കോട് ഈ പുതിയ കോലാഹലവും സാന്നിധ്യവുമൊക്കെ വരുന്നത് കാണിക്കുന്നത്. ആരുടെ പിന്‍ബലത്തിലാണ്, ആരാണ് അവര്‍ക്ക് വെള്ളവും വളവും നല്‍കുന്നത്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ് മാവോയിസ്റ്റിന്റെ ശക്തി. അവര്‍ തമ്മില്‍ ഒരു ചങ്ങാത്തമുണ്ട്. ഇത് പൊലീസ് പരിശോധിക്കണമെന്നും പി മോഹനന്‍ പറഞ്ഞിരുന്നു.

Post a Comment

0 Comments