സ്വര്‍ണവ്യാപാരിയെ കൊന്ന് കിണറ്റില്‍ തള്ളിയ കേസിലെ രണ്ടാംപ്രതിക്ക് ജീവപര്യന്തം കഠിനതടവ്; മൂന്നാംപ്രതിക്ക് അഞ്ചുവര്‍ഷം

സ്വര്‍ണവ്യാപാരിയെ കൊന്ന് കിണറ്റില്‍ തള്ളിയ കേസിലെ രണ്ടാംപ്രതിക്ക് ജീവപര്യന്തം കഠിനതടവ്; മൂന്നാംപ്രതിക്ക് അഞ്ചുവര്‍ഷം


കാസര്‍കോട്:  സ്വര്‍ണവ്യാപാരിയായിരുന്ന തളങ്കര കടവത്തെ  മന്‍സൂര്‍ അലി(55)യെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസിലെ രണ്ടാം പ്രതിയെ കോടതി ജീവപര്യന്തം കഠിനതടവിനും ഏഴുവര്‍ഷം അധിക കഛിനതടവിനും ശിക്ഷിച്ചു.  കര്‍ണാടക ബണ്ട്വാള്‍ കറുവത്തടുക്ക മിത്തനടുക്കയിലെ അബ്ദുല്‍ സലാമിനെ (30)യാണ്  ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതി ജഡ്ജി ടി കെ  നിര്‍മല ശിക്ഷിച്ചത്. വാഹനത്തില്‍ കയറ്റികൊണ്ടുപോയി ക്രൂരമായ രീതിയില്‍ കൊലപാതകം നടത്തുകയും മൃതദേഹം ഉപയോഗശൂന്യമായ കിണറ്റില്‍ തള്ളുകയും ചെയ്തുവെന്ന കുറ്റത്തിന് ഐ പി സി  302 വകുപ്പ് പ്രകാരമാണ് ജീവപര്യന്തം. കവര്‍ച്ച നടത്തിയതിന് 397 വകുപ്പ് പ്രകാരം ഏഴ് വര്‍ഷം അധിക കഠിന തടവ് വിധിക്കുകയായിരുന്നു. കേസിലെ മുഖ്യപ്രതിയായ മാരിമുത്തു എന്ന മുഹമ്മദ് അശ്‌റഫിനൊപ്പം കൊലപാതകത്തില്‍ അബ്ദുല്‍ സലാം നേരിട്ട് പങ്കാളിയായതായി കേസിന്റെ വിചാരണ വേളയില്‍ തെളിയുകയും പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തതോടെയാണ് കോടതി  പ്രതിക്ക് കടുത്ത ശിക്ഷ പ്രഖ്യാപിച്ചത്. അബ്ദുല്‍ സലാം 75,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. മൂന്നാം പ്രതിയായ കര്‍ണാടക ഹാസന്‍ സ്വദേശി രംഗണ്ണസ്വാമി (55)യെ കോടതി രണ്ട് വകുപ്പുകള്‍ പ്രകാരം അഞ്ച് വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കവര്‍ച്ചാ സ്വര്‍ണം ഒന്നും രണ്ടും പ്രതികളില്‍ നിന്ന് വാങ്ങുകയും കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ മറച്ച് വെക്കുകയും ചെയ്തുവെന്ന കുറ്റത്തിനാണ് രങ്കണ്ണയെ ശിക്ഷിച്ചത്. പ്രതികള്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. ഒന്നാം പ്രതി മാരിമുത്തു കേസിന്റെ വിചാരണ വേളയില്‍ ഹാജരാകാതിരുന്നതിനാല്‍ പിന്നീട് കേസ് പരിഗണിക്കും. ഹൈക്കോടതിയില്‍ നിന്നും ജാമ്യം നേടി ജയിലില്‍ നിന്ന് പുറത്തിറങ്ങയ ശേഷം ഒളിവില്‍ കഴിയുന്ന മാരിമുത്തുവിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.2017 ജനുവരി 25ന് ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മന്‍സൂര്‍ അലിയെ പഴയ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് ഒന്നും രണ്ടും പ്രതികള്‍ ബായാര്‍പദവിലേക്ക് വാഹനത്തില്‍ കൊണ്ടു പോയ ശേഷം തലക്കടിച്ച് കൊലപ്പെടുത്തി ഉപയോഗശൂന്യമായ കിണറ്റില്‍ തള്ളുകയും സ്വര്‍ണ്ണാഭരണങ്ങളും പണവുമായി കടന്നു കളയുകയും ചെയ്തുവെന്നാണ് കേസ്.

Post a Comment

0 Comments