വീഡിയോ വൈറസ്: വാട്സ് ആപ്പ് ഉടൻ അപ്ഡേറ്റ് ചെയ്യണമെന്ന് മുന്നറിയിപ്പ്

വീഡിയോ വൈറസ്: വാട്സ് ആപ്പ് ഉടൻ അപ്ഡേറ്റ് ചെയ്യണമെന്ന് മുന്നറിയിപ്പ്




ന്യൂഡൽഹി: മെസേജിംഗ് ആപ്പായ വാട്സ് ആപ്പിൽ സുരക്ഷാ ഭീഷണി കണ്ടെത്തിയതിനെ തുടർന്ന് എത്രയും വേഗം അപ്ഡേറ്റ് ചെയ്ചണമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ. ഇന്റര്‍നെറ്റ് സംവിധാനത്തിലുണ്ടാകുന്ന സുരക്ഷാവീഴ്ച, ഹാക്കിങ് എന്നിവ തടയുന്നതിന് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐ.ടി. മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായ സിആർഇടിയാണ് മുന്നറിയിപ്പുമായെത്തിയിരിക്കുന്നത്.

നേരത്തെ ഇസ്രായേലി ചാരസോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗപ്പെടുത്തി നൂറിലധികം ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തപ്പെട്ടുവെന്ന് വാട്സ്ആപ്പ് അറിയിച്ചിരുന്നു. പിന്നാലെയാണ് വീണ്ടും സുരക്ഷ വീഴ്ചയെന്ന വാർത്തയെത്തുന്നത്. അതീവ ഗുരുതര സ്വഭാവമുള്ള സൈബർ ആക്രമണങ്ങളുടെ കൂട്ടത്തിൽപ്പെടുന്നതാണിതെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്.

വീഡിയോ രൂപത്തിലുള്ള വൈറസ് ഉപയോഗപ്പെടുത്തി ഫോണിലുള്ള വിവരങ്ങൾ ചോർത്തിയെടുക്കുന്നതാണ് പുതിയ രീതി. എംപി4 ഫോര്‍മാറ്റ് അതായത് വീഡിയോ ഫോര്‍മാറ്റിലുള്ള ഒരു ഫയല്‍ വാട്സ്ആപ്പ് സന്ദേശമായെത്തും. അജ്ഞാത നമ്പറുകളിൽ നിന്നുളള സന്ദേശം നമ്മൾ ആകാംഷയോടെ തുറക്കുകയാണെങ്കിൽ ഇതുവഴി ഫോണിലുള്ള സ്വകാര്യ വിവരങ്ങളടക്കം ചോർത്തപ്പെടുമെന്നാണ് സൈബര്‍ സുരക്ഷാ ഏജന്‍സിയായ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം-ഇന്ത്യ (സി.ഇ.ആര്‍.ടി.)യുടെ മുന്നറിയിപ്പ്.

അതേസമയം വീഡിയോ വൈറസ് ആക്രമണം ഇതുവരെ ഉപയോക്താക്കളെ ബാധിച്ചിട്ടില്ലെന്നാണ് വാട്സ്ആപ്പ് അറിയിച്ചിരിക്കുന്നത്. ആപ്പ് അപഡേറ്റ് ചെയ്ത് ഈ വൈറസിന്റെ ആക്രമണം തടയാനാകും. സുരക്ഷാ ഭീഷണികൾ ഒഴിവാക്കി സുരക്ഷ കൂട്ടാൻ നിരന്തരം ശ്രമങ്ങൾ തുടരുകയാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Post a Comment

0 Comments