
ന്യൂഡൽഹി: ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി വിൽപ്പനയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളാണ് വിറ്റഴിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപറേഷൻ (ബി.പി.സി.എൽ), ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ (എസ്.സി.ഐ), കണ്ടെയ്‌നർ കോർപറേഷൻ ഓഫ് ഇന്ത്യ (കോൺകോർ) തുടങ്ങിയവയുടെ ഓഹരികളാണ് വിറ്റഴിക്കുന്നത്.
ഓഹരി വിൽക്കുന്നതോടൊപ്പം കമ്പനികളുടെ ഭരണ കൈമാറ്റവും നടക്കും. ബുധനാഴ്ച മന്ത്രിസഭാ യോഗത്തിനു ശേഷം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബി.പി.സി.എൽ മഹാരത്‌ന കമ്പനിയും എസ്.സി.ഐ, കോൺകോർ എന്നിവ നവരത്‌നാ കമ്പനികളുടെ വിഭാഗത്തിൽപ്പെടുന്നതുമാണ്.
ഭാരത് പെട്രോളിയത്തിൽ സർക്കാറിന്റെ 53.75 ശതമാനം ഓഹരികളും വിൽക്കാനാണ് തീരുമാനം. സ്ഥാപനത്തിന്റെ ഭരണവും കേന്ദ്രസർക്കാർ കൈയൊഴിയും. ഷിപ്പിങ് കോർപ്പറേഷനിലെ 53.75 ശതമാനം ഓഹരികളാണ് വിൽക്കുക. നിലവിൽ 63.75 ശതമാനമാണ് ഷിപ്പിങ് കോർപ്പറേഷനിലെ സർക്കാർ ഓഹരി. കണ്ടെയ്‌നർ കോർപ്പറേഷനിലെ 30.9 ശതമാനം ഓഹരികളും വിൽക്കും. കണ്ടൈനർ കോർപ്പറേഷനിൽ സർക്കാറിന് 54.80 ശതമാനം ഓഹരിയുണ്ട്. തെഹ്രി ഹൈഡ്രോ ഡെവ്‌ലപ്‌മെൻറ് കോർപ്പറേഷനിലെ 74 ശതമാനം ഓഹരിയും നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവറിലെ 100 ശതമാനം ഓഹരിയും സർക്കാർ വിൽക്കും.
കൂടാതെ, ഇന്ത്യൻ ഓയിൽ കോർപറേഷന്റെ (ഐ.ഒ.സി) ഉൾപ്പെടെയുള്ള തിരഞ്ഞടുക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ഓഹരി 51 ശതമാനത്തിൽ താഴെയാക്കാനും അംഗീകാരം നൽകി. എന്നാൽ ഈ സ്ഥാപനങ്ങളുടെ ഭരണ കൈമാറ്റം ഉണ്ടാകില്ല. ഐ.ഒ.സിയിൽ കേന്ദ്ര സർക്കാരിന് 51.5 ശതമാനം ഓഹരിയാണ് ഉള്ളത്. സർക്കാർ സ്ഥാപനങ്ങളായ എൽഐസി, ഒഎൻജിസി, ഒഐഎൽ എന്നിവയ്ക്ക് 25.9 ശതമാനം ഓഹരിയുമുണ്ട്.
മാർച്ചോടെ എയർ ഇന്ത്യയും ഭാരത് പെട്രോളിയം കോർപറേഷനും (ബി.പി.സി.എൽ) വിൽക്കുമെന്നു നിർമല സീതാരാമൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ കച്ചവടവും ഉറപ്പിക്കുന്നത്.
0 Comments