
കാസര്‍കോട്: ദേശീയ-അന്തര്‍ സംസ്ഥാന പാതകളുടെ തകര്‍ച്ചയില്‍ പ്രതിഷേധിച്ച് രണ്ട് റൂട്ടുകളിലും സ്വകാര്യബസുകളുടെ സര്‍വീസ് നിര്‍ത്തിവെച്ചു. അന്തര്‍ സംസ്ഥാനപാതയായ കാസര്‍കോട്-പെര്‍ള-പുത്തൂര്‍ റൂട്ടിലും കാസര്‍കോട്-തലപ്പാടി ദേശീയപാത റൂട്ടിലുമാണ് അനിശ്ചിത കാലത്തേക്ക് സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചത്. തിങ്കളാഴ്ച രാവിലെ മുതലാണ് ഈ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പണിമുടക്ക് ആരംഭിച്ചത്. കാസര്‍കോട്-പെര്‍ള-പുത്തൂര്‍ പാതയില്‍ 19 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് മെക്കാഡം ടാറിംഗ് നടത്തുന്നതിന് 39 കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരുന്നു. ഒന്നാം ഘട്ടമെന്ന നിലയില്‍ മൂന്ന് കിലോമീറ്റര്‍ ടാറിംഗ് നടത്തിയിരുന്നു. എന്നാല്‍ 16 കിലോമീറ്റര്‍ ടാറിംഗ് നടത്താതെ ഉപേക്ഷിച്ച നിലയിലാണുള്ളത്. ഈ ഭാഗം കുഴികള്‍ നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ടുണ്ട്. ഇതോടെയാണ് ് റോഡിന്റെ അറ്റകുറ്റ പണി നടത്തണമെന്നാവശ്യപ്പെട്ട് ബസ് ഓണേര്‍ഴ്‌സ് അസോസിയേഷനും തൊഴിലാളികളും സംയുക്തമായി അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. ഇന്നലെ മുതല്‍ മായിപ്പാടി ഡയറ്റില്‍ടി ടി സി പരീക്ഷ തുടങ്ങിയിട്ടുണ്ട്. ഡിസംബര്‍ 10 മുതല്‍ ക്രിസ്തുമസ് പരീക്ഷ ആരംഭിക്കുകയാണ്. പണിമുടക്ക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാരെ ദുരിതത്തിലാഴ്ത്തി. കാസര്‍കോട്-മംഗളൂരു ദേശീയപാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ചാണ് കാസര്‍കോട്-തലപ്പാടി റൂട്ടിലെ സ്വകാര്യബസുകള്‍ പണിമുടക്കിയത്. കാസര്‍കോട്-കമ്പാര്‍, കുമ്പള, ബംബ്രാണ, ബന്തിയോട്, ധര്‍മ്മത്തടുക്ക, ഉപ്പള, ബായാര്‍, കന്യാല, ഹൊസങ്കടി, ആനക്കല്‍, മിയാപദവ് റൂട്ടുകളിലും ബസുകള്‍ മുടങ്ങി. രണ്ട് റൂട്ടുകളിലും കെ എസ് ആര്‍ ടി സി ബസുകളെയാണ് ആശ്രയിക്കുന്നത്. കാസര്‍കോട്ട് നിന്നും പുത്തൂരിലേക്ക് ചുരുക്കം ചില കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. പുത്തൂരില്‍ നിന്ന് പെര്‍ള വരെ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകളുമുണ്ട്. സ്വകാര്യ ബസുകളുടെ സമരത്തോടെ കെ എസ് ആര്‍ ടി സി ബസുകളില്‍ യാത്രക്കാരുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.
0 Comments