മാര്‍ക്ക് ദാനം: മന്ത്രി കെ.ടി ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട്

LATEST UPDATES

6/recent/ticker-posts

മാര്‍ക്ക് ദാനം: മന്ത്രി കെ.ടി ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട്



തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ മന്ത്രി കെ.ടി ജലീലിന്റെ ഇടപെടൽ സ്ഥിരീകരിച്ച് ഗവർണറുടെ ഓഫീസ്. അധികാര ദുർവിനിയോഗം ചെയ്ത് ഉന്നതവിദ്യാഭ്യാസ മന്തിയായ കെ.ടി ജലീൽ സാങ്കേതിക സർവകലാശാലയിൽ ഇടപെട്ടുവെന്നാണ് ഗവർണറുടെ സെക്രട്ടറിയുടെ റിപ്പോർട്ട്.

ഗവർണറുടെ അനുമതി കൂടാതെയാണ് ജലീൽ സാങ്കേതിക സർവ്വകലാശാലയുടെ അദാലത്തിൽ പങ്കെടുത്തതെന്നും ബിടെക് വിദ്യാർത്ഥിയെ ജയിപ്പിക്കാനുള്ള മന്ത്രിയുടെ ഇടപെടൽ നിമയവിരുദ്ധമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

സർവകലാശാലയുടെ വിശദീകരണവും ഗവർണറുടെ ഓഫീസ് തള്ളി. മാർക്ക് കൂട്ടി നൽകാനുള്ള അധികാരം അദാലത്തിനുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ അഞ്ചാം സെമസ്റ്ററിൽ ഒരു വിഷയത്തിന് തോറ്റ മെക്കാനിക്കൽ എഞ്ചിനീയറിംഗിന് വിദ്യാർത്ഥിയെ ജയിപ്പിക്കാനാണ് മന്ത്രി കൂട്ട് നിന്നതെന്നായിരുന്നു ആരോപണം.വിദ്യാർത്ഥിക്ക് പുനർമൂല്യ നിർണ്ണയം നടത്തിയതിന് ശേഷവും ജയിക്കാനുള്ള മാർക്ക് ലഭിച്ചില്ല. വീണ്ടും മൂല്യ നിർണ്ണയത്തിന് അപേക്ഷിച്ചെങ്കിലും ചട്ടവിരുദ്ധമായതിനാൽ സാങ്കേതിക സർവകലാശാല അപേക്ഷ തള്ളി. തുടർന്ന് മന്ത്രിയെ വിദ്യാർത്ഥി സമീപിച്ചു.

2018 ഫെബ്രുവരി 28 ന് മന്ത്രി കെടി ജലീൽ പങ്കെടുത്ത സാങ്കേതിക സർവകലാശാലയുടെ അദാലത്തിൽ ഈ വിഷയം പ്രത്യേക കേസായി എടുത്തു. ചട്ടങ്ങൾക്ക് വിരുദ്ധമായി വീണ്ടും മൂല്യ നിർണ്ണയം നടത്താൻ മന്ത്രി അദാലത്തിൽ നിർദേശിച്ചു. പുനർമൂല്യ നിർണയത്തിൽ വിദ്യാർത്ഥിക്ക് പരീക്ഷ പാസാകാൻ ആവശ്യമുള്ള മാർക്ക് ലഭിച്ചു. മാനുഷിക പരിഗണനയിലാണ് മന്ത്രി ഇടപെട്ടതെന്ന സർവകലാശാല വിശദീകരണമാണ് ഗവർണ്ണറുടെ സെക്രട്ടറി തള്ളിയത്.

വിദ്യാർത്ഥിയുടെ പരീക്ഷാപേപ്പർ മൂന്നാമതും പുനർമൂല്യനിർണയം നടത്താനുള്ള നിർദേശം അദാലത്തിൽ നൽകിയതിനെതിരെയാണ് റിപ്പോർട്ടിൽ പരാമർശം. മന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് തീരുമാനമെടുത്ത വൈസ് ചാൻസലറുടെ നടപടി തെറ്റെന്നും ഗവർണറുടെ സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. മന്ത്രിക്കെതിരായ റിപ്പോർട്ട് ഗവർണറുടെ പരിഗണനയിലാണ്.

Post a Comment

0 Comments