ഹൈദരാബാദ്∙ ഹൈദരാബാദിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ നാലു പ്രതികളെ വെടിവച്ചു കൊന്നു. പൊലീസ് ഏറ്റുമുട്ടലിനിടെയാണ് നാലുപ്രതികൾ കൊല്ലപ്പെട്ടത്. കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവച്ചു എന്ന് പൊലീസ് വ്യക്തമാക്കി. തെളിവെടുപ്പിനിടെ പ്രതികൾ പൊലീസിനെ ആക്രമിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ 3.30ഓടെയാണ് സംഭവം. കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം ഷാഡ്നഗർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഹൈദരാബാദ് – ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയിൽ നവംബർ 28ന് പുലർച്ചെയാണു കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെ അവരവരുടെ വീടുകളിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആരിഫും ശിവയുമാണ് ലോറിയിൽ ഇഷ്ടികയുമായി വന്നത്. സാധനമിറക്കാൻ വൈകിയതു കൊണ്ട് അവർ ടോൾ പ്ലാസയിൽ കാത്തുനിൽക്കുമ്പോൾ സുഹൃത്തുക്കളായ മറ്റു പ്രതികൾ എത്തുകയായിരുന്നു. വൈകിട്ട് 6.15 നാണ് യുവതി ഇരുചക്രവാഹനത്തിൽ എത്തിയത്. വാഹനം അവിടെ വച്ചിട്ടു യുവതി മടങ്ങുന്നതു കണ്ടപ്പോഴാണു 4 പേരും ചേർന്നു കുറ്റകൃത്യം ആസൂത്രണം ചെയ്തത്. തുടർന്ന് ടയറിന്റെ കാറ്റഴിച്ചു വിട്ടു.
രാത്രി 9നു യുവതി തിരിച്ചെത്തിയപ്പോൾ, സഹായിക്കാമെന്നു പറഞ്ഞ് ഒരാൾ വാഹനം കൊണ്ടുപോയി. കടകളെല്ലാം അടച്ചെന്നു പറഞ്ഞു മിനിറ്റുകൾക്കുള്ളിൽ തിരിച്ചെത്തി. അപ്പോഴാണു യുവതി തന്റെ സഹോദരിയെ വിളിച്ചു കാര്യം പറഞ്ഞത്. അപരിചിതരുടെ മട്ടും ഭാവവും കണ്ടു ഭയം തോന്നുന്നെന്നും സൂചിപ്പിച്ചിരുന്നു. സഹോദരി 9.44നു തിരിച്ചുവിളിച്ചപ്പോൾ ഫോൺ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. പ്രതികള്‍ ഡോക്ടറെ സമീപത്തുള്ള വളപ്പിലേക്കു കൊണ്ടുപോയി വായില്‍ മദ്യം ഒഴിച്ചുകൊടുത്ത ശേഷം കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഡോക്ടര്‍ അലറിക്കരഞ്ഞതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയത്. വാഹനത്തിനുള്ളില്‍ സൂക്ഷിച്ച മൃതദേഹം പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു.
0 Comments