
പെർള : ബേങ്ക് അക്കൗണ്ടില്‍ നിന്ന് 47,000 രൂപ തട്ടിയെടുത്തുവെന്ന ഇടപാടുകാരന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. ബംഗളൂരുവിലെ ജ്യൂസ് കടയില്‍ ജീവനക്കാരനും പല്‍പ്പത്തടുക്ക സ്വദേശിയുമായ അബ്ദുല്‍ സിറാജിന്റെ പരാതിയിലാണ് ബദിയടുക്ക പോലീസ് കേസെടുത്തത്. അബ്ദുല്‍ സിറാജിന്റെ പെര്‍ള സിണ്ടിക്കേറ്റ് ബേങ്കിലുള്ള അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. അബ്ദുല്‍ സിറാജിന്റെ പേടിഎം അക്കൗണ്ട് ഈയിടെ ബ്ലോക്കായിരുന്നു. ഇക്കാര്യമറിഞ്ഞ ആരോ സിറാജിന്റെ ഫോണില്‍ വിളിക്കുകയും ബ്ലോക്കായ അക്കൗണ്ട് പുനസ്ഥാപിക്കാമെന്നും അതിനായി ഒ പി ടി നമ്പര്‍വേണമെന്നും അറിയിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് സിറാജ് ഒ പി ടി നമ്പര്‍ നല്‍കി. എന്നാല്‍ പേടിഎം അക്കൗണ്ട് പൂര്‍വ്വ സ്ഥിതിയില്‍ ആയില്ലെന്ന് മാത്രമല്ല സിണ്ടിക്കേറ്റ് ബേങ്കിലെ അക്കൗണ്ടില്‍ നിന്ന് 47,000 രൂപ പിന്‍വലിച്ചതായി കണ്ടെത്തുകയും ചെയ്തു. താന്‍ കബളിപ്പിക്കപ്പെട്ടതായി ബോധ്യപ്പെട്ടതോടെയാണ് സിറാജ് പോലീസില്‍ പരാതി നല്‍കിയത്.
0 Comments