
കാസര്‍കോട്: ശമ്പളം മുടങ്ങിയതില്‍ മനംനൊന്ത് കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ ഡിപ്പോക്കുള്ളില്‍ തൂങ്ങിമരിച്ചു. നീലേശ്വരം പള്ളിക്കര റെയില്‍വേ ഗേറ്റിനടുത്ത പി വി സുകുമാരന്‍ (48) ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി കാസര്‍കോട് കെ എസ് ആര്‍ ടി സി ഡിപ്പോയായ തുളുനാട് കോംപ്ലക്‌സിലെ ഒന്നാം നിലയിലെ ഏണിയിലാണ് സുകുമാരനെ കയര്‍ കെട്ടി തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സഹപ്രവര്‍ത്തകര്‍ ഉടന്‍തന്നെ കയര്‍ അറുത്തുമാറ്റി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. തെയ്യം കലാകാരന്‍ രാമന്‍ കര്‍ണമൂര്‍ത്തിയുടെ മകനാണ്. പിതാവ് മരണപ്പെട്ടതിനാല്‍ മരണാനന്തര ചടങ്ങുകള്‍ക്കായി സുകുമാരന്‍ 20 ദിവസമായി അവധിയിലായിരുന്നു. അവധി കഴിഞ്ഞ് വെള്ളിയാഴ്ച ജോലിയില്‍ കയറാനായി രാത്രി ഡിപ്പോയില്‍ എത്തിയതായിരുന്നു. കഴിഞ്ഞമാസത്തെ ശമ്പളം കെ എസ് ആര്‍ ടി സിയിലെ ജീവനക്കാര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഇതേതുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു സുകുമാരനെന്ന് സഹപ്രവര്‍ത്തകര്‍ സൂചിപ്പിച്ചു. കാര്യങ്കോട്ടെ താമസക്കാരനായിരുന്ന സുകുമാരന്‍ ദേശീയപാത നാലുവരിക്കായി സ്ഥലം വിട്ടുകൊടുക്കേണ്ടിവന്നതിനാല്‍ പള്ളിക്കരയില്‍ പുതിയ വീട് വെച്ച് താമസിക്കുകയായിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്‍ (സി ഐ ടി യു) അംഗമാണ്. മാതാവ്: കാര്‍ത്യായനി. ഭാര്യ ലത കണ്ണപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയാണ്. മക്കള്‍: സാന്ദ്ര (നെഹ്‌റു കോളജ് ഡിഗ്രി വിദ്യാര്‍ഥിനി), സംഗീത്. കാസര്‍കോട് ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
0 Comments