
കാസർകോട്: ജില്ലയിലെ വിനോദസഞ്ചാര ഭൂപടത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ബേക്കല്‍കോട്ടയില്‍ ഇനിയുള്ള നാളുകളില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് വിവിധ വര്‍ണ്ണങ്ങളിലുള്ള ലൈറ്റുകളും ക്രിസ്മസ് നക്ഷത്രങ്ങളും ലൈറ്റ് ആന്റ് സൗണ്ട് ഷോയും പൂഷ്പമേളയും കൂടെ കാസ്രോടിന്റെ തനത് രുചിയിലുള്ള ഭക്ഷണ വിഭവങ്ങളുമൊക്കെയാണ്. ജില്ലയിലെ ടൂറിസം മേഖലയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അഗ്രി ഹോര്‍ട്ടി സൊസൈറ്റിയുടെ നേതൃത്വത്തില്‍ ടൂറിസ്റ്റുകളെ ജില്ലയിലേക്ക് ആകര്‍ഷിക്കാനാണ് ഡിസംബര്‍ 24 മുതല്‍ 2020 ജനുവരെ ഒന്നു വരെ 'ബേക്കല്‍ ഫെസ്റ്റ് -കാര്‍ഷിക പുഷ്പ മേള ' സംഘടിപ്പിക്കുന്നത്. സഞ്ചാരികളെ ലക്ഷ്യമാക്കി നടത്തുന്ന മേളയില്‍ വിവിധ മത്സരങ്ങളും, പ്രദര്‍ശനങ്ങളും, ലൈറ്റ് ആന്റ് സൗണ്ട് മേളയും പ്രധാന ആകര്‍ഷണമാകും. ഇതോടൊപ്പം ഡിസംബര്‍ 25 മുതല്‍ മൂന്ന് ദിവസം പള്ളിക്കരയില്‍ നടക്കുന്ന ബീച്ച് ഗെയിംസും ടൂറിസ്റ്റുകളെ ജില്ലയിലേക്ക് ആകര്‍ഷിക്കും. ഇതിനു പുറമേ ബേക്കല്‍ കോട്ടയിലും മിനുക്കു പണികള്‍ നടത്തി കോട്ടയെ ആകര്‍ഷകമാക്കാനുള്ള ശ്രമവും നടന്നു വരികയാണ്. കോട്ടയുടെ പ്രവേശന കവാടവും ഇരുവശവും ഇന്റര്‍ലോക്ക് ചെയ്ത നടപ്പാതകളോടും ആകര്‍ഷകമായ പൂച്ചെടികളോടും കൂടിയ റോഡും ഡിസംബര്‍ 24 ന് ഉദ്ഘാടനം ചെയ്യും.
0 Comments