തിങ്കളാഴ്‌ച, ഡിസംബർ 09, 2019


നീലേശ്വരം: ഉടുമ്പിനെ കൊന്ന് കറിവെച്ച സംഭവം വനപാലകരെ അറിയിച്ചെന്നാരോപിച്ച്  വീടുകയറി അക്രമം. ദമ്പതികളും പതിനൊന്നുവയസുള്ള മകനും അടക്കം നാലുപേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച  രാവിലെയാണ് സംഭവം. ചായ്യോം വാഴപ്പന്തലിലെ കെ കെ ബിജുവിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. ബിജു, ഭാര്യ വിനീത, മകന്‍ അര്‍ജുന്‍(11), അയല്‍വാസി ഓമന രാധാകൃഷ്ണന്‍(45) എന്നിവര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റു. അമ്പതോളം വരുന്ന സംഘമാണ് വീടുകയറി അക്രമം നടത്തിയതെന്ന് ബിജു പരാതിപ്പെട്ടു. ദമ്പതികളെയും മകനെയും മര്‍ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഓമനക്ക് മര്‍ദനമേറ്റത്. വിവരമറിഞ്ഞ് നീലേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി തിരിച്ചുപോകുകയായിരുന്നു. അതിനിടെ ചികിത്സ തേടിയെത്തിയ നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കാനോ പരിശോധിക്കാനോ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. ഉടുമ്പിനെ കൊന്ന് കറിവെച്ച ദൃശ്യം നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വനംവകുപ്പ് കേസെടുക്കുകയും ചായ്യോം ബസാറിലെ സി ചന്ദ്രന്‍ (42) അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഒന്നാംപ്രതിയായ ചായ്യോം വാഴപ്പന്തല്‍ ആറാട്ടുകടവ് ഹൗസിലെ ടി എം അഷ്‌റഫ് (53) ഒളിവിലാണ്. ഇയാള്‍ കര്‍ണാടകയിലേക്ക് കടന്നതായാണ് വിവരം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ