LATEST UPDATES

6/recent/ticker-posts

മലയാളികൾ 'കാര്യം' കഴിഞ്ഞ് കൈകഴുകാത്തവരെന്ന് ദേശീയ സർവേ



സാമൂഹ്യവികാസ സൂചികകളിൽ ഒന്നാമത് നിൽക്കുന്നവരെന്ന അഭിമാനത്തിനിടയിലും മലയാളികൾക്ക് നാണക്കേടായി ഒരു ദേശീയ സർവേ. വ്യക്തിശുചിത്വത്തിന്‍റെ കാര്യത്തിൽ മലയാളി പിന്നിലാണെന്നാണ് ദേശീയ സാംപിൾ സർവേ ഓർഗനൈസേഷൻ റിപ്പോർട്ട്. ആഹാരത്തിന് മുമ്പും പ്രാഥമികകൃത്യങ്ങൾക്ക് ശേഷവും സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നവരുടെ എണ്ണത്തിൽ കേരളത്തിന്‍റെ സ്ഥാനം പതിനൊന്നാമതാണ്. സിക്കിം ആണ് ഇക്കാര്യത്തിൽ ഒന്നാമത്. രാജ്യത്തെ കുടിവെള്ളം, ശുചിത്വം, പാർപ്പിടം തുടങ്ങിയ മേഖലകളെ അടിസ്ഥാനമാക്കി 2018 ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് സർവേ നടന്നത്.

കേരളത്തിൽ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് സോപ്പിട്ട് കൈകഴുകുന്നവർ 53.8 ശതമാനമാണ്. വെള്ളം മാത്രം ഉപയോഗിക്കുന്നത് 43.8 ശതമാനവും വെള്ളമോ ചാരമോ മണ്ണോ ഉപയോഗിക്കുന്നവർ .6 ശതമാനവും കൈകഴുകാത്തവർ 1.8 ശതമാനവുമാണ്. കേരളത്തിൽ പ്രാഥമിക കൃത്യത്തിന് ശേഷം സോപ്പുപയോഗിച്ച് കൈകഴുകുന്നവർ 87.8 ശതമാനമാണ്. വെള്ളം മാത്രം ഉപയോഗിക്കുന്നവർ 11.7 ശതമാനം.

സിക്കിം ഒന്നാമത്- സോപ്പുപയോഗിച്ച് കൈകഴുകുന്നവരുടെ എണ്ണത്തിൽ സിക്കിമാണ് ഒന്നാമത്. ഭക്ഷണത്തിന് മുമ്പ് സോപ്പിട്ട് കൈകഴുകുന്നവർ അവിടെ 87.1 ശതമാനമാണ്. വെള്ളം മാത്രം ഉപയോഗിക്കുന്നത് 12.4 ശതമാനവും കൈ കഴുകാത്തവരായി ആരുമില്ല. പ്രാഥമികകൃത്യത്തിനുശേഷം സോപ്പുപയോഗിച്ച് കൈകഴുകുന്നവർ സിക്കിമിൽ 99.5 ശതമാനമാണ്.

ദാമൻ ദിയുവും ബീഹാറും തമിഴ്നാടും പിന്നിൽ- ഭക്ഷണത്തിന് മുമ്പും പ്രാഥമികകൃത്യത്തിന് ശേഷവും സോപ്പ് ഉപയോഗിച്ച് കൈകഴുകാത്തവരുടെ എണ്ണത്തിൽ തമിഴ്നാടും കേന്ദ്ര ഭരണപ്രദേശമായ ദാമൻദിയുവുമാണ് പിന്നിലുള്ളത്. ഭക്ഷണത്തിന് മുമ്പ് സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നവർ ദാമൻദിയുവിൽ വെറും എട്ട് ശതമാനം മാത്രമാണ്. ബീഹാറിൽ ഇത് 14.3 ശതമാനവും ഒഡീഷയിൽ 15.3 ശതമാനവുമാണ്. പ്രാഥമികകൃത്യത്തിന് ശേഷം സോപ്പ് ഉപയോഗിച്ച് കൈകഴുകാത്തവർ കൂടുതലുള്ളത് തമിഴ്നാട്ടിലാണ്. 46.3 ശതമാനം പേർ മാത്രമാണ് സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നവർ. ആഹാരത്തിന് മുമ്പ് സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നവരുടെ എണ്ണത്തിൽ ദേശീയ ശരാശരി 35.1 ശതമാനവും പ്രാഥമികകൃത്യത്തിന് ശേഷം സോപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ദേശീയ ശരാശരി 74.1 ശതമാനവുമാണ്.

Post a Comment

0 Comments