
മഞ്ചേശ്വരം; അധ്യാപിക വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച ശേഷം സ്‌കൂള്‍ ഓഫീസ് മുറിയില്‍ മണിക്കൂറുകളോളം പൂട്ടിയിട്ടു. ഉപ്പളയിലെ ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയാണ് അധ്യാപികയുടെ മര്‍ദനത്തിനിരയായത്. മറ്റൊരു വിദ്യാര്‍ഥിയെ ഇരട്ടപ്പേര് വിളിച്ചെന്ന ആരോപണത്തിന് വിധേയനായ വിദ്യാര്‍ഥിയെ അധ്യാപിക ചോദ്യം ചെയ്യുകയും മുഖത്തടിക്കുകയുമായിരുന്നു. മുഖത്തടിക്കരുതെന്ന് പറഞ്ഞ് വിദ്യാര്‍ഥി കാലുപിടിച്ച് അപേക്ഷിച്ചെങ്കിലും അധ്യാപിക ഗൗനിച്ചില്ല. തുടര്‍ന്ന് കുട്ടിയുടെ മുടിപിടിച്ച് തല ചുമരിലിടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. വേദന സഹിക്കാനാവാതെ വിദ്യാര്‍ഥി നിലവിളിച്ചപ്പോള്‍ അധ്യാപിക സ്‌കൂളിലെ ഒരു ഓഫീസ് മുറിയില്‍ പൂട്ടിയിടുകയും നാല് മണിക്കൂറിന് ശേഷം വിട്ടയക്കുകയുമായിരുന്നു.അവശനായി വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയോട് മാതാവ് കാര്യം തിരക്കിയപ്പോഴാണ് അധ്യാപിക മര്‍ദിച്ച വിവരം പുറത്തുവന്നത്. ഇതോടെ മാതാവ് സ്‌കൂളിലെത്തി കാര്യം തിരക്കിയപ്പോള്‍ അധികൃതര്‍ അപമര്യാദയായി പെരുമാറിയതായും പരാതിയുണ്ട്. പിന്നീട് മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കുകയും ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയുമായിരുന്നു. സ്‌കൂള്‍ അധികൃതരും വിദ്യാര്‍ഥിയുടെ ബന്ധുക്കളും മഞ്ചേശ്വരം പോലീസ് സ്റ്റേഷനില്‍ മൂന്ന് മണിക്കൂറോളം ചര്‍ച്ച നടത്തിയെങ്കിലും മാതാവ് പരാതിയില്‍ ഉറച്ചുനിന്നു. തുടര്‍ന്ന് പോലീസ് വ്യാഴാഴ്ച സ്‌കൂളിലെത്തി സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു.ഒരാഴ്ചമുമ്പ് കുക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചതിന് അഞ്ച് അധ്യാപകര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
0 Comments