കാസര്‍കോട്: പഠനയാത്രക്കിടെ അധ്യാപകന്‍ മദ്യലഹരിയില്‍ വിദ്യാര്‍ഥിനികളോടും നാട്ടുകാരോടും അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. മൊഗ്രാല്‍പുത്തൂര്‍ ഗവ. ടെക്‌നിക്കല്‍ സ്‌കൂളിലെ അധ്യാപകന്‍ കണ്ണൂര്‍ പഴയങ്ങാടിയിലെ കെ എം ബിജു (46)വിനെതിരെയാണ് അന്വേഷണം. കഴിഞ്ഞ ദിവസം പിണറായി പോലീസ് സ്റ്റേഷന്‍ പരിധിയിലെ മമ്പറം കായലോട്ടാണ് സംഭവം. മദ്യലഹരിയിലായ അധ്യാപകനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. 25ഓളം വിദ്യാര്‍ഥിനികളുമായി ബുധനാഴ്ച രാവിലെയാണ് രണ്ട് അധ്യാപകരും രണ്ട് അധ്യാപികമാരും വയനാട്ടിലേക്ക് പഠന യാത്ര പുറപ്പെട്ടത്. മമ്പറം കായലോട്ട് എത്തിയപ്പോള്‍ ചായ കുടിക്കാനായി ബസും നിര്‍ത്തി. അതിനിടെയാണ് മദ്യപിച്ച ബിജു അപമര്യാദയായി പെരുമാറിയത്. നാട്ടുകാരുമായി വാക്കേറ്റവുമുണ്ടായി. അതിനിടെ ബിജുവിനെ ഒഴിവാക്കി ബസ് പുറപ്പെട്ടെങ്കിലും മറ്റൊരു വാഹനത്തില്‍ എത്തിയ ബിജു ബസില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ തടഞ്ഞു. ബിജു ഇരുന്ന സീറ്റിനടിയില്‍ മദ്യകുപ്പികള്‍ കണ്ടെത്തിയതായും പറയുന്നു.
0 Comments