ഹര്‍ത്താല്‍; കെഎസ്ആര്‍ടിസിക്ക് രണ്ടര കോടിയുടെ നഷ്ടം
Wednesday, December 18, 2019
ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ചില സംഘടനകള്‍ നടത്തിയ ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്കുണ്ടായത് വന്‍ നഷ്ടം. കോര്‍പറേഷന് രണ്ടര കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങള്‍ സാധാരണ റെയില്‍വേ സ്റ്റേഷനുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും നേരെയായിരുന്നു എങ്കില്‍ ഇത്തവണ പ്രതിഷേധം മുഴുവന്‍ കെഎസ്ആര്‍ടിസിക്ക് നേരെയായിരുന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. 18 ബസുകള്‍ക്ക് സാരമായ തകരാര്‍ സംഭവിച്ചു. 820 ബസുകള്‍ രാവിലെ സര്‍വീസ് നടത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഓട്ടം നിര്‍ത്തി.
ആറ് ഡ്രൈവര്‍മാര്‍ക്കും രണ്ട് കണ്ടക്ടര്‍മാര്‍ക്കും പരുക്ക് പറ്റി. ഗ്രാമീണ മേഖലകളില്‍ സര്‍വീസ് നടത്തിയ ഓര്‍ഡിനറി ബസുകള്‍ക്ക് നേരെയാണ് കൂടുതലും കല്ലേറുണ്ടായത്. അന്തര്‍സംസ്ഥാന ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. ശമ്പളം പോലും കൃത്യമായി കൊടുക്കാന്‍ കഴിയാതെ കോര്‍പറേഷന്‍ വലിയ പ്രതിസന്ധി നേരിടുമ്പോഴാണ് ഇരുട്ടടി പോലെ ഹര്‍ത്താല്‍ വഴിയുള്ള നഷ്ടവും.
0 Comments