കാസര്‍കോട് നഗരസഭയിലെ ഹൊന്നമൂല വാര്‍ഡ് ലീഗില്‍ നിന്ന് എല്‍ ഡി എഫ് പിടിച്ചെടുത്തു; തെരുവത്ത് വാര്‍ഡില്‍ യു ഡി എഫിന് വിജയം
Wednesday, December 18, 2019
കാസര്‍കോട്: കാസര്‍കോട് നഗരസഭാഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഹൊന്നമൂല വാര്‍ഡ് മുസ്ലിം ലീഗിന് നഷ്ടപ്പെട്ടു. എല്‍ ഡി എഫ് പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച കമ്പ്യൂട്ടര്‍ മൊയ്തു വാണ് ഈ വാര്‍ഡ് ലീഗില്‍ നിന്ന് പിടിച്ചെടുത്തത്. അതേ സമയം തെരുവത്ത് വാര്‍ഡ് മുസ്ലിം ലീഗ് നിലനിര്‍ത്തി. മുസ്ലിം ലീഗിലെ റീത്ത രാജുവാണ് തെരുവത്ത് വാര്‍ഡില്‍ വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ കെ എം അബ്ദുല്‍ റഹ്മാന്‍ 57 വോട്ടുകള്‍ക്ക് വിജയിച്ച ഹൊന്നമൂലയില്‍ മൊയ്തീന്‍ കമ്പ്യൂട്ടര്‍ 141 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കഴിഞ്ഞ തവണ 80 വോട്ടുകള്‍ നേടിയ ബി ജെ പി പാര്‍ട്ടി ചിഹ്നത്തില്‍ ഇത്തവണ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. ഇടതുസ്ഥാനാര്‍ഥിക്ക് ബി ജെ പി പിന്തുണ നല്‍കിയതിനാലാണ് മൊയ്തു വിജയിച്ചതെന്ന് യു ഡി എഫ് ആരോപിച്ചു. ഫുട്‌ബോള്‍ ചിഹ്നത്തില്‍ മത്സരിച്ച മൊയ്തു 492ഉം മുസ്ലിം ലീഗിലെ അബ്ദുല്‍ മുനീര്‍ 351ഉം വോട്ടുകള്‍ നേടിയപ്പോള്‍ സ്വതന്ത്രരായി മത്സരിച്ച മൊയ്തീന്‍ കമ്പൗണ്ട് ഒരു വോട്ടും ലളിത, ഭാസ്‌കരന്‍ എന്നിവര്‍ രണ്ട് വോട്ടുവീതവും നേടി. തെരുവത്ത് വാര്‍ഡില്‍ റീത്ത 175 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. റീത്ത 321 ഉം ഇടതു സ്വതന്ത്ര ബിന്ദു എം 146 ഉം വോട്ടുകള്‍ നേടി. ബി ജെ പിക്ക് മൂന്നുവോട്ടുമാത്രമാണ് ലഭിച്ചത്. മുസ്ലിംലീഗ് നേതാവും നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന കെ എം അബ്ദുല്‍ റഹ്മാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് വേണ്ടി രാജിവെച്ച ഒഴിവിലേക്കാണ് ഹൊന്നമൂലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. മുസ്ലിം ലീഗ് അംഗമായിരുന്ന വിശ്വനാഥ് തുടര്‍ച്ചയായി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് അയോഗ്യത കല്‍പ്പിച്ചതിനാലാണ് തെരുവത്ത് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഹൊന്നമൂലയില്‍ ആകെയുള്ള 1187 വോട്ടര്‍മാരില്‍ 848 പേരും തെരുവത്ത് വാര്‍ഡില്‍ ആകെയുള്ള 864 വോട്ടര്‍മാരില്‍ 470 പേരും വോട്ട് രേഖപ്പെടുത്തിയിരുന്നു. ഒരു വാര്‍ഡ് നഷ്ടപ്പെട്ടതോടെ 38 അംഗ കാസര്‍കോട് നഗരസഭയില്‍ മുസ്ലിം ലീഗിന്റെ അംഗസംഖ്യ 21ആയി. ബി ജെ പിക്ക് 13 അംഗങ്ങളുണ്ട്. സി.പി.എമ്മിന് ഒരംഗമുള്ള സഭയില്‍ സ്വതന്ത്രരായി മൂന്ന് പേരുമുണ്ട്.
0 Comments