ഇരുട്ടത്തുള്ള വാഹനപരിശോധന ചോദ്യം ചെയ്തു; പല്ല് അടിച്ചു കൊഴിച്ച് പോലീസ്

LATEST UPDATES

6/recent/ticker-posts

ഇരുട്ടത്തുള്ള വാഹനപരിശോധന ചോദ്യം ചെയ്തു; പല്ല് അടിച്ചു കൊഴിച്ച് പോലീസ്



ആലപ്പുഴ: വാഹന പരിശോധന ചോദ്യം ചെയ്ത പിഎസ്സി ഉദ്യോഗസ്ഥന്റെ പല്ല് അടിച്ചുകൊഴിച്ച് പോലീസ്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. റോഡിന്റെ വളവില്‍ നിന്ന് ഇരുട്ടത്ത് വാഹന പരിശോധന നടത്തിയത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥനോടാണ് പോലീസിന്റെ പ്രതികാര നടപടി. തിരുവനന്തപുരം പിഎസ്സി ഓഫീസിലെ ഉദ്യോഗസ്ഥന്‍ ചേര്‍ത്തല ഇല്ലിക്കല്‍ രമേശ് എസ്.കമ്മത്തി(52) നാണ് പോലീസ് മര്‍ദ്ദനമേറ്റത്.

നേരത്തെ പോലീസ് റോഡിലേക്ക് ചാടി വീണ് വാഹന പരിശോധന നടത്തരുതെന്നും യാത്രക്കാരോട് സൗമ്യമായി പെരുമാറണമെന്നും മറ്റും വിശദീകരിച്ചു കൊണ്ട് ഡിജിപി പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍, ഈ ചട്ടങ്ങള്‍ ഒന്നും പാലിക്കാതെയാണ് പോലീസ് വാഹനപരിശോധന നടത്തിയതെന്ന് രമേശ് പറയുന്നു. കഴിഞ്ഞ 14 ന് രാത്രി എറണാകുളത്ത് നിന്ന് ചേര്‍ത്തലയിലേക്ക് രമേശ് ജോലി കഴിഞ്ഞ് പോകുന്നതിനിടെയായിരുന്നു സംഭവം നടന്നത്.

പോലീസ് മര്‍ദ്ദനത്തില്‍ പല്ല് കൊഴിയുകയും കണ്ണിനും കഴുത്തിനും ജനനേന്ദ്രിയത്തിനും പരിക്കേല്‍ക്കുകയും ചെയ്ത രമേശ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം വാഹന പരിശോധനക്ക് നിന്ന പോലീസിനെതിരെ രമേശ് ഡിജിപിക്ക് പരാതി നല്‍കി. പിഎസ്സി ചെയര്‍മാന്‍ ഉള്‍പ്പടെയുള്ളവര്‍ ഇടപെട്ടാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

സംഭവത്തെ കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കാന്‍ ഉത്തരവായി. രമേശിന്റെ പരാതിയില്‍ ചേര്‍ത്തല സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുധീഷിനെ സസ്പെന്‍ഡ് ചെയ്തു.ഗ്രേഡ് എസ്ഐ ബാബുവിനും സിവില്‍ പോലീസ് ഓഫീസര്‍ തോമസിനും എതിരെ വകുപ്പുതല അന്വേഷണത്തിനും ഡിജിപി ഉത്തരവിട്ടു.

ശനിയാഴ്ച രാത്രി ചേര്‍ത്തലയിലേക്ക് ജോലി കഴിഞ്ഞു രമേശ് മടങ്ങുന്നതിനിടെ പോലീസ് ബൈക്ക് നിര്‍ത്തിച്ച് മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു. മദ്യപിച്ചിട്ടില്ല എന്ന് മനസിലായതോടെ രമേശിനെ വിട്ടയച്ചു. എന്നാല്‍, അല്‍പദൂരം മുന്നോട്ട് പോയ ശേഷം ഇരുട്ടിലും വളവിലും നിന്നുള്ള വാഹനപരിശോധന പാടില്ലെന്ന് ഡിജിപി ഉത്തരവുണ്ടല്ലോ എന്ന് പറഞ്ഞ് രമേശ് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതോടെയാണ് പോലീസ് പ്രകോപിതരായത്.
പോലീസ് രമേശിന്റെ അടുത്തേക്ക് വന്ന് കൈ കൂട്ടി കെട്ടി മര്‍ദ്ദിച്ചു.

രമേശിന്റെ പല്ല് ഇടിച്ച് കൊഴിച്ചത് കൂടാതെ കണ്ണിനും ജനനേന്ദ്രിയത്തിനും പരിക്കേല്‍പിച്ചു. അതിന് ശേഷം പോലീസ് സ്റ്റേഷനില്‍ കൊണ്ട് പോയി രമേശിനെ മര്‍ദ്ദിച്ചു. മെഡിക്കല്‍ പരിശോധനയില്‍ മര്‍ദ്ദനം നടന്നിട്ടില്ലെന്ന് പറയണമെന്ന് പോലീസ് രമേശിനെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് പറഞ്ഞ് രമേശിനെതിരെ പോലീസ് കേസെടുത്തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തിന് ശേഷം പോലീസിനെതിരെ പരാതി നല്‍കാന്‍ ഭയപ്പെട്ടുവെന്നും രമേശ് വ്യക്തമാക്കി.

Post a Comment

0 Comments