LATEST UPDATES

6/recent/ticker-posts

കടലില്‍ രാത്രി ലൈറ്റിട്ട് അനധികൃത മീന്‍ പിടുത്തം; കര്‍ണാടക ബോട്ട് പിടിയില്‍


കാസര്‍കോട്: കടലില്‍ രാത്രി ലൈറ്റിട്ട് അനധികൃതമായി മീന്‍ പിടുത്തത്തിലേര്‍പ്പെട്ടവരുടെ ബോട്ട് തീരദേശ പോലീസും കണ്ണൂരില്‍ നിന്നെത്തിയ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ടീമും ചേര്‍ന്ന് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി കുമ്പള തീരത്തുനിന്ന് 15 കിലോമീറ്റര്‍ ഉള്‍ക്കടലില്‍ നിന്നാണ് കര്‍ണാടക ബോട്ട് കസ്റ്റഡിയിലെടുത്തത്. തീരദേശ പോലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ടീമും രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടെ ഏഴോളം ബോട്ടുകളില്‍ എത്തിയ സംഘം മീന്‍ പിടിക്കുന്നത് കാണുകയായിരുന്നു. പട്രോളിംഗ് സംഘത്തെ കണ്ടതോടെ മറ്റ് ബോട്ടുകള്‍ ഉള്‍ക്കടലിലേക്ക് കടന്നു. ഒരു ബോട്ട് കസ്റ്റഡിയിലെടുത്തു. അതിനിടെ പിടികൂടിയ ബോട്ട് മോചിപ്പിക്കാന്‍ 40 പേരടങ്ങുന്ന സംഘം ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കസ്റ്റഡിയിലെടുത്ത ബോട്ട് അഴിത്തലയിലെത്തിച്ചു. രാത്രിയില്‍ ലൈറ്റിട്ടുള്ള മീന്‍ പിടുത്തം ഇപ്പോഴും സജീവമാണ്. ബോട്ടുകളിലെ വലിയ ജനറേറ്റര്‍ ഉപയാഗിച്ച് ലൈറ്റിട്ട ശേഷം ഇരട്ട വലകള്‍ ഉപയോഗിച്ചാണ് അനധികൃതമായി മീന്‍ പിടിക്കുന്നത്. ലൈറ്റ് കാണുമ്പോള്‍ കടലില്‍ ഒറ്റപ്പെട്ട് നീങ്ങുന്ന മീനുകളെല്ലാം ഇതില്‍ ആകൃഷ്ടരായി ബോട്ടിന് സമീപത്തേക്ക് കൂട്ടത്തോടെ പാഞ്ഞുവരികയും വലയില്‍ കുരുങ്ങുകയും ചെയ്യുന്നു. ഇതര സംസ്ഥാന ബോട്ടുകള്‍ മഞ്ചേശ്വരം കടല്‍ പരിധിയില്‍ നിന്ന് 13 നോട്ടിക്കല്‍ മൈല്‍ ദൂരത്തേക്ക് മാത്രമേ മീന്‍ പിടിക്കാനായി കടന്നു വരാന്‍ പാടുള്ളൂ എന്നാണ് നിയമം. ഇത് ലംഘിച്ചാണ് കര്‍ണാടക ബോട്ടുകള്‍ മീന്‍പിടിക്കാനെത്തിയത്. പിടികൂടിയ ബോട്ടിന്റെ ഉടമയില്‍ നിന്ന് പിഴയീടാക്കുമെന്ന് ഫിഷറീസ് ഡയറക്ടര്‍ പി വി സതീശന്‍ അറിയിച്ചു.

Post a Comment

0 Comments