ഡോക്ടറുടെ കടുംപിടുത്തം;കുഴഞ്ഞുവീണ് മരിച്ചയാളുടെ മൃതദേഹവുമായി ഭാര്യ മണിക്കൂറുകളോളം വട്ടംകറങ്ങി

ഡോക്ടറുടെ കടുംപിടുത്തം;കുഴഞ്ഞുവീണ് മരിച്ചയാളുടെ മൃതദേഹവുമായി ഭാര്യ മണിക്കൂറുകളോളം വട്ടംകറങ്ങി



 കുമ്പള; ഡോക്ടറുടെ കടുംപിടുത്തം കാരണം ആലപ്പുഴ സ്വദേശിയുടെ മൃതദേഹം നടപടി ക്രമങ്ങള്‍ക്ക് ശേഷം ഭാര്യക്ക് വിട്ടു കിട്ടിയത് മണിക്കൂറുകള്‍ വൈകി. ആലപ്പുഴ സ്വദേശിയും പച്ചമ്പളയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ സുരേഷ് (49) ബുധനാഴ്ച പുലര്‍ച്ചെ  കുഴഞ്ഞു വീഴുകയായിരുന്നു. പരിഭ്രാന്തിയിലായ ഭാര്യ രുഗ്മിണി പ്രദേശവാസികളുടെ  സഹായം തേടുകയും ആംബുലന്‍സ് വിളിച്ചു വരുത്തി സുരേഷിനെ മംഗല്‍പാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പരിശോധനയില്‍ സുരേഷ് മരിച്ചെന്ന് ഉറപ്പാക്കിയ ഡോക്ടര്‍ നല്‍കിയ നിര്‍ദേശ പ്രകാരം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് കുമ്പള പോലീസും ആശുപത്രിയിലെത്തി. പോലീസ് ഇന്‍ക്വസ്റ്റ് നടത്തുന്നതിനിടെ സുരേഷിന്റെ മരണത്തില്‍ സംശയമുണ്ടെന്നും വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടു. ഇതോടെ സുരേഷിന്റെ ഭാര്യ ഡോക്ടറുടെ കാലില്‍ വീണ് വിദഗ്ധ പോസ്റ്റു മോര്‍ട്ടത്തിന് കൊണ്ടുപോകേണ്ട കാര്യമില്ലെന്നും നെഞ്ചു വേദനയെ തുടര്‍ന്ന് കുഴഞ്ഞ് വീണതാണെന്നും താനും ഭര്‍ത്താവും തമ്മില്‍ ഒരുപ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി. കൂടെയുണ്ടായിരുന്ന പൊതുപ്രവര്‍ത്തകന്‍ അടക്കമുള്ളവരും സുരേഷിന്റെ ഭാര്യയെ സംശയിക്കേണ്ടെന്നും രണ്ടു പേരും നല്ല ബന്ധത്തിലായിരുന്നുവെന്നും അറിയിച്ചുവെങ്കിലും ഡോക്ടര്‍ പിടിവാശി തുടര്‍ന്നു. ഇതേചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതോടെ സുരേഷിന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടു പോയി. ഇവിടെ നടത്തിയ പരിശോധനയില്‍ സുരേഷിന്റെ മരണത്തില്‍ സംശയിക്കാനൊന്നുമില്ലെന്നും വ്യക്തമായി. മറ്റൊരു മൃതദേഹം കൂടി പോസ്റ്റുമോര്‍ട്ടം ചെയ്യാനുണ്ടായിരുന്നതിനാല്‍ സുരേഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനുള്ള നടപടികള്‍ വൈകുകയായിരുന്നു. ഉച്ചക്ക് രണ്ട് മണിയോടെയാണ് മൃതദേഹം വിട്ടുകൊടുത്തത്.

Post a Comment

0 Comments