കാസർകോട്: വ്യാജപ്രചരണങ്ങളെ തുടര്‍ന്ന് രോഗപ്രതിരോധ കുത്തിവെപ്പിനെതിരേ നിലപാട് സ്വീകരിക്കുന്ന രക്ഷിതാക്കളെ വാക്സിനേഷന്‍ യജ്ഞത്തില്‍ കണ്ണി ചേര്‍ക്കാന്‍ മൊഗ്രാല്‍ പുത്തൂര്‍, ചെങ്കള പഞ്ചായത്തുകളില്‍ മിഷന്‍ ആഫിയത്ത് പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ പ്രാഥമികാരോഗ്യ കേന്ദ്രമാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികള്‍ക്ക് നല്‍കുന്ന രോഗപ്രതിരോധ കുത്തിവെപ്പില്‍ നിന്നും പുറം തിരിഞ്ഞു നില്‍ക്കുന്ന രക്ഷിതാക്കളുടെ എണ്ണം ചില പ്രദേശങ്ങളില്‍ വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചെങ്കള പഞ്ചായത്തില്‍ തീരെ കുത്തിവെപ്പ് എടുക്കാത്ത 12 കുട്ടികളും, ഭാഗികമായി എടുത്ത 250 പേരും, മൊഗ്രാല്‍ പുത്തൂരില്‍ തീരെ കുത്തിവെപ്പ് എടുക്കാത്ത ആറു പേരും, ഭാഗികമായി എടുത്ത 105 പേരുമാണ് ഉള്ളത്. ഇവര്‍ക്ക് കുത്തിവെപ്പ് നല്‍കി നൂറ് ശതമാനം ലക്ഷ്യം കൈവരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം..
മിഷന്‍ ആഫിയത്തിനെ അറിയാം
രോഗപ്രതിരോധ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെങ്കള , മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിച്ച പദ്ധതിയാണ് മിഷന്‍ ആഫിയത്ത്. ആഫിയത്ത് എന്ന അറബി വാക്കിന്റെ അര്‍ത്ഥം ആരോഗ്യം, സുഖം എന്നൊക്കെയാണ്. പ്രതിരോധകുത്തിവെപ്പിനോട് വിമുഖത കാണിക്കുന്ന രക്ഷിതാക്കളെ ഉദ്ദേശിച്ചാണ് പദ്ധതി ആവിഷ്‌കരിച്ചത്. ബന്തിയോട് കൊക്കച്ചാല്‍, കുമ്പള ഇമാം ഷാഫി അക്കാദമി കോളേജുകളിലെ 40 വാഫി വിദ്യാര്‍ത്ഥികളുടെ സേവനമാണ് ഇതിനു വേണ്ടി പ്രയോജനപ്പെടുത്തുന്നത്. പഠന സിലബസ് പ്രകാരം ഇവര്‍ക്ക് 190 മണിക്കൂര്‍ നിര്‍ബന്ധ സാമൂഹ്യ സേവനം ചെയ്യേണ്ടതുണ്ട്. മിഷന്‍ ആഫിയത്തിന് വേണ്ടി കഴിഞ്ഞ മാസം ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഏകദിന പരിശീലനം നല്‍കിയിരുന്നു. ചെങ്കള മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീമ, മൊഗ്രാല്‍പുത്തൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. നാസ്മിന്‍ ജെ നസീര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി അഷ്റഫ്, അക്കര ഫൗണ്ടേഷന്‍ പ്രൊജക്റ്റ് മാനേജര്‍ യാസര്‍ വാഫി എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.
പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ഫീല്‍ഡ് വര്‍ക്കിന് വേണ്ടി ഗ്രൂപ്പുകള്‍ രൂപീകരിച്ച് കുത്തിവെപ്പിന് വിമുഖത കാണിക്കുന്ന വീടുകള്‍ സന്ദര്‍ശിക്കുകയും മതപരമായ എതിര്‍പ്പ് പറയുകയാണെങ്കില്‍ വാഫി വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് തെറ്റിദ്ധാരണകള്‍ തിരുത്തുകയുമാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. ജനപ്രതിനിധികള്‍, ജെപി എച്ച് എന്‍ ജെ എച്ച് ഐ, ആശാവര്‍ക്കര്‍, വാഫി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് വീടുകള്‍ സന്ദര്‍ശിക്കുന്നത്. ചെങ്കളയില്‍ ആറു സബ് സെന്ററുകള്‍ക്ക് വേണ്ടി പത്തും മൊഗ്രാല്‍ പുത്തൂരില്‍ ആറു ടീമുകളുമാണ് രൂപീകരിച്ചത്. കഴിഞ്ഞ ദിവസം നടന്ന സന്ദര്‍ശനത്തില്‍ കുത്തിവെപ്പിന് തയ്യാറായ കുട്ടികളെ ഉടന്‍ തന്നെ സമീപത്തുള്ള അങ്കണവാടിയിലോ മറ്റു കേന്ദ്രങ്ങളിലോ വാക്സിന്‍ നല്‍കാനാണ് തീരുമാനിചിട്ടുള്ളത്. പദ്ധതിക്ക് വേണ്ടിയുള്ള കൈപ്പുസ്തകം ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെയാണ് അച്ചടിക്കുന്നത്. പഞ്ചായത്തിലെ മഹല്ല് കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, മദ്റസ അധ്യാപകര്‍, സമുദായ നേതാക്കള്‍ എന്നിവരുടെ യോഗം പദ്ധതിയുടെ ഭാഗമായി ചേരും.
സെമിനാര്‍, സിംപോസിയം, യോഗങ്ങള്‍, ബോധവത്ക്കരണ ക്ലാസ്സുകള്‍ എന്നിവയും സംഘടിപ്പിക്കും. കുടുംബയോഗങ്ങള്‍, കോലായ കൂട്ടം, ഗൃഹസന്ദര്‍ശനം, നോട്ടീസ് വിതരണം, ഫ്ളാഷ് മോബ്, ഷോര്‍ട്ട്ഫിലിം, റാലി, തെരുവ് നാടകം തുടങ്ങിയ അമ്പതോളം പരിപാടികളാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ളത്. മെഡിക്കല്‍ഓഫീസര്‍ പദ്ധതി നിര്‍വ്വഹണം നടത്തും. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രൊജക്ട് കോഡിനേറ്ററും, പിഎച്ച്എന്‍ കൗണ്‍സിലറും, ജെ പി എച്ച് എന്‍ വളണ്ടിയര്‍ സൂപ്പര്‍വൈസറും, ജെ എച്ച് ഐമീഡിയ, ഡോക്ക്യുമെന്റേഷന്‍ എന്നീ ചുമതലകളും പദ്ധതിയുടെ ഭാഗമായി വഹിക്കും.
ചെങ്കളയില്‍ നടന്ന ഗൃഹസര്‍ന്ദശനത്തിന് ഗ്രാമ പഞ്ചായത്ത് മെംബര്‍മാരായ നാസര്‍ കാട്ടുകൊച്ചി, സദാനന്ദന്‍, മെഡിക്കല്‍ ഓഫീര്‍ ഡോ. ഷമീമ തന്‍വീര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി അഷ്റഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അഫീസ് ഷാഫി, കെ എസ് രാജേഷ്, ആസിഫ്, ജെപിഎച്ച്എന്‍മാരായ ജലജ, കൊച്ചുറാണി, നിഷ, സബീന, മഞ്ജുഷ,എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments