അനധികൃത മദ്യവില്‍പ്പനക്കിടെ ഒരാള്‍ അറസ്റ്റില്‍ ; ബൈക്ക് കസ്റ്റഡിയില്‍

അനധികൃത മദ്യവില്‍പ്പനക്കിടെ ഒരാള്‍ അറസ്റ്റില്‍ ; ബൈക്ക് കസ്റ്റഡിയില്‍


ബദിയടുക്ക: ബദിയടുക്ക ടൗണില്‍ അനധികൃത മദ്യവില്‍പനയിലേര്‍പ്പെട്ട  ആളെ വേഷം മാറിയെത്തിയ എക്‌സൈസ് സംഘം പിടികൂടി. ബദിയടുക്ക മുരിയം കൊടലുവിലെ അരുണ്‍കുമാറിനെയാണ് (42) എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്  ഷെമീറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ബദിയടുക്കയിലുണ്ടായിരുന്ന ബിവറേജ് മദ്യശാല മുള്ളേരിയയിലേക്ക് മാറ്റിയതോടെ ബദിയടുക്കയില്‍ അരുണ്‍കുമാര്‍ രാവിലെ മുതല്‍ രാത്രി വരെ ദിവസവും മദ്യവില്‍പന നടത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ബദിയടുക്കയിലെ ഒരു ജ്വല്ലറിക്ക് പിറകുവശത്താണ് അരുണ്‍കുമാര്‍ മദ്യവില്‍പന നടത്തി വന്നിരുന്നത്. മദ്യം വാങ്ങാനെത്തുന്നവരുടെ തിരക്കും മദ്യപാനികളുടെ ശല്യവും സമീപത്തെ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇത് സംബന്ധിച്ച് പരാതി ലഭിച്ചതോടെ വേഷം മാറി വില്‍പന കേന്ദ്രത്തിലെത്തിയ എക്‌സൈസ് സംഘം ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അരുണ്‍ കുമാറിനെ പിടികൂടിയത്. കര്‍ണാടകയില്‍ നിന്നും മുള്ളേരിയയിലെ ബിവറേജ് മദ്യശാലയില്‍ നിന്നും കുറഞ്ഞ വിലക്ക് വാങ്ങുന്ന മദ്യം ബദിയടുക്കയില്‍ കൂടുതല്‍ വിലക്ക് അരുണ്‍കുമാര്‍ വില്‍പന നടത്തി വരികയായിരുന്നുവെന്ന് എക്‌സൈസ് പറഞ്ഞു. അരുണ്‍കുമാര്‍ മദ്യം കടത്താന്‍ ഉപയോഗിക്കുന്ന മോട്ടോര്‍ബൈക്കും കസ്റ്റഡിയിലെടുത്തു. ബദിയടുക്ക ടൗണില്‍ സമാന്തരമായി ആറ് പേര്‍ ഇത്തരത്തില്‍ മദ്യവില്‍പന നടത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ചില ഓട്ടോറിക്ഷകളിലും മദ്യം കടത്തുന്നുണ്ട്.


Post a Comment

0 Comments