
കാസർകോട് : ജില്ലയിലെ അക്കേഷ്യ മരങ്ങള്‍ പൂര്‍ണ്ണമായി മുറിച്ചുമാറ്റാന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. ജില്ലയുടെ പല ഭാഗങ്ങളിലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാമൂഹിക വനവല്ക്കരണ വിഭാഗം നട്ടുവളര്‍ത്തിയ അക്കേഷ്യ മരങ്ങള്‍ നാടിന്റെ പരിസ്ഥിതിയോട് ഇണങ്ങാത്തതും വെള്ളം ധാരാളമായി വലിച്ചെടുക്കുന്ന സാഹചര്യത്തിലാണ് വികസന സമിതി നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. മരങ്ങള്‍ വെട്ടിമാറ്റുന്നതിനുള്ള നിയമ നടപടികള്‍ വൈകുന്നതിനാല്‍ മരങ്ങള്‍ക്ക് മൊത്തമായി വില നിശ്ചയിച്ച് വില്‍പ്പന നടത്തി പൂര്‍ണ്ണമായും മുറിച്ചുമാറ്റാനാണ് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പ്രമേയം അവതരിപ്പിച്ചു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ജില്ലാ ജയില്‍ അനുയോജ്യമായ മറ്റൊരിടത്തക്ക് മാറ്റി സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.. ആശുപത്രി വികസനത്തിന് ആവശ്യമായ കെട്ടിടങ്ങളോ മറ്റ് സൗകര്യങ്ങളോ ഏര്‍പ്പെടുത്താന്‍ കഴിയാത്ത വിധം സ്ഥല പരിമിതി നേരിടുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം. നേരത്തെ ആശുപത്രിയ്ക്കുണ്ടായിരുന്ന ഒന്നര ഏക്കര്‍ ഭൂമിയാണ് ജില്ലാ ജയിലിനായി വിട്ടു നല്‍കിയത്. ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി പണിത കേട്ടിടം ഉള്‍പ്പെടെ ജയില്‍ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാണിച്ച് ജയില്‍ സൂപ്രണ്ട് കത്ത് നല്‍കിയ സാഹചര്യത്തിലാണ് നിര്‍ദ്ദേശമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പറഞ്ഞു..
മറ്റ് രാജ്യങ്ങളില്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കമ്പല്‍സറി റൂറല്‍ റസിഡന്‍ഷ്യല്‍ ഇന്റേണ്‍ഷിപ്പ് ഏര്‍പ്പെടുത്തണം.വിദേശ പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തുന്നവര്‍ക്ക് അവരുടെ ഇന്റേണ്‍ഷിപ്പില്‍ ഉള്‍പ്പെടുത്തി പ്രാക്ടീസിന് സംവിധാനമേര്‍പ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു വികസന സമിതി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. നിലവില്‍ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലെ ഒന്‍പത് തസ്തികകളില്‍ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. ഈ പ്രതിസന്ധി കാരണം അവിടെ കിടത്തി ചികിത്സ മുടങ്ങിയിരിക്കുകയാണ്. ഇന്റേണ്‍ഷിപ്പ് അനുവദിച്ചാല്‍ ജില്ലയിലെ മറ്റ് ആശുപത്രികളിലും നിലവിലുള്ള ഡോക്ടര്‍മാരുടെ ക്ഷാമത്തിന് ശമനമാകും.
ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും സ്ഥലം മാറ്റം ലഭിക്കുന്ന സാങ്കേതിക വിദഗ്ദ്ധരുടേയും ഡോക്ടര്‍മാരുടേയും വിടുതല്‍ അനുമതി നല്‍കുന്നത് പകരം ഉദ്യോഗസ്ഥര്‍ ചുമതലയേറ്റെടുത്തശേഷമായിരിക്കണമെന്നും കളക്ടര്‍ പറഞ്ഞു. ആരോഗ്യവകുപ്പില്‍ സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് പി.എസ്.സി.യില്‍ നിന്നും നിയമനങ്ങള്‍ നടത്തിയതിന് ശേഷമേ സ്ഥലംമാറ്റം അനുവദിക്കാവൂ എന്ന് യോഗം നിര്‍ദ്ദേശിച്ചു.
കാസര്‍കോട് നഗരസഭ പരിധിയിലെ താളിപ്പടപ്പ് മൈതാനിയില്‍ 15 കുടുംബങ്ങള്‍ ഉപയോഗിക്കുന്ന ശുചിമുറി പുറംപോക്കിലാണെന്ന് കണ്ടെത്തി അടച്ചു പൂട്ടിയിരുന്നു. അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച നടപടി എടുക്കണമെന്നും അതുവരേയും ശുചിമുറി തുറന്നു നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ഉപ്പള ഐല മൈതാനത്തിലെ ഒന്നര ഏക്കര്‍ സ്ഥലത്ത് മഞ്ചേശ്വരം താലൂക്ക് ആസ്ഥാനവും പൊലീസ് സ്റ്റേഷനും നിര്‍മ്മിക്കുന്നതിനുള്ള നടപടിയുടെ സ്ഥിതിവിവരങ്ങള്‍ സമര്‍പ്പിക്കാന്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറോട് ജില്ലാകളക്ടര്‍ ഡോ.ഡി സജിത് ബാബു ആവശ്യപ്പെട്ടു. ജനുവരി 13നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരം താലൂക്ക് ആശുപത്രി വികസനവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള യോഗം 13ന് വൈകീട്ട് അഞ്ചിന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു വിളിച്ചു ചേര്‍ക്കും. എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് , ഡി.എം.ഒ, എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ഗതാഗതക്കുരുക്ക് അഴിക്കാന്‍ അടിയന്തിരമായി നഗരസഭ ഗതാഗതനിയന്ത്രണ സമിതിയോഗം ചേരണമെന്ന് ജില്ലാ വികസന സമിതി നിര്‍ദ്ദേശം നല്‍കി. ദേശീയപാത അറ്റകുറ്റപ്പണി ജനുവരി ഇരുപതിനകം പൂര്‍ത്തിയാക്കുമെന്ന് ദേശീയപാത എക്സിക്യുട്ടീവ് എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചു.
മുള്ളേരിയ-നാട്ടക്കല്‍ റോഡ് നിര്‍മ്മാണത്തിന് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തടസ്സം പരിഹരിക്കാന്‍ എം.എല്‍.എ, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കേരള എം.ഡി, പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ എന്നിവരുടെ ജനുവരി മൂന്നാം വാരം യോഗം ചേരാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ദേശീയ പാതയിലും കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് യോഗത്തില്‍ അിറയിച്ചു. കാഞ്ഞങ്ങാട് സബ് കളക്ടര്‍ അരുണ്‍. കെ വിജയനും കാസര്‍കോട് ആര്‍.ഡി.ഒ കെ രവികുമാറും പദ്ധതി വിശദീകരിച്ചു.കാഞ്ഞങ്ങാട് 56 സ്ഥലങ്ങളും കാസര്‍കോട് 57 സ്ഥലങ്ങളും സിസിടിവി ക്യാമറ ഘടിപ്പിക്കാനായി ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. വൈഫൈ കണക്റ്റഡ് സോളാര്‍ സി.സി.ടി.വി ക്യാമറകളാണ് സ്വകാര്യ വ്യക്തികളുമായി സഹകരിച്ച് സ്ഥാപിക്കുക. ഇതിനായി വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സി.സി.ടി.വി ഇന്‍സ്റ്റലേഷന്‍ പരിശീലനം നടത്തും.
ശനിയാഴ്ച കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസനസമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു അധ്യക്ഷനായി. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എം.സി കമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ.എ ജലീല്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ജില്ലാ പ്ലാനിങ് ഓഫീസര്‍ എസ്. സത്യപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് സബ്കളക്ടര്‍ അരുണ്‍ കെ. വിജയന്‍, എം.ഡി.എം എന്‍.ദേവീദാസ്, അഡീഷണല്‍ എസ്.പി പി.ബി പ്രശോഭ് വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസ ഗ്രാമത്തിന്റെ നിര്‍മ്മാണം ഫെബ്രുവരി ഒന്നിന് ആരംഭിക്കും- കളക്ടര്‍
കാസര്‍കോട് വികസനപാക്കേജില്‍ ഉള്‍പ്പെടുത്തി 2013 മുതല്‍ 2019വരെ 204 പദ്ധതികള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു ജില്ലാ വികസന സമിതിയോഗത്തില്‍ അറിയിച്ചു. ഇതില്‍ 103 പദ്ധതികള്‍ 2019 ലാണ് പൂര്‍ത്തീകരിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസ ഗ്രാമത്തിന്റെ നിര്‍മ്മാണം ഫെബ്രുവരി ഒന്നിന് ആരംഭിക്കും. ഇതോടെ കാസര്‍കോട് വികസനപാക്കേജില്‍ ഉള്‍പ്പെട്ട മുഴുവന്‍ പദ്ധതികളും നടപ്പിലാകും. ഫെബ്രുവരി ഒന്നിന് കാസര്‍കോട് ഗവണ്‍മെന്റ് മെഡിക്കല്‍കോളേജ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് ഹോസ്ദുര്‍ഗില്‍ ഈ മാസം 18 നും വെള്ളരിക്കുണ്ട് 30നും നടക്കും. കാസര്‍കോട് ഫെബ്രുവരി ആറിനും മഞ്ചേശ്വരത്ത് 13നും അദാലത്ത് നടക്കും. അദാലത്തിലേക്ക് ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കെടുക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. 2017ന് ശേഷമുള്ള 23000 ഫയലുകള്‍ ഈര്‍ജ്ജിതമായി തീര്‍പ്പാക്കിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ കളക്ടര്‍ അനുമോദിച്ചു. 4718 ഫയലുകള്‍ മാത്രണ് തീര്‍പ്പാക്കാനായി റവന്യൂവില്‍ അവശേഷിക്കുന്നത്.
ജില്ലയില്‍ രൂക്ഷമാകുന്ന ജലക്ഷാമം നേരിടാന്‍ 2400 തടയണകള്‍ നിര്‍മ്മിക്കുന്ന തടയണ ഉത്സവം പ്രവര്‍ത്തനങ്ങള്‍ സക്രിയമാണ്. ഇതില്‍ 1700 എണ്ണം പൂര്‍ത്തിയാക്കി. സീറോ വേസ്റ്റ് കാസര്‍കോട് ഉടന്‍ യാധാര്‍ത്ഥ്യമാകും. പൈറോലിസിസ് സാങ്കോതിക വിദ്യ ഉപയോഗിച്ച് പ്രാവര്‍ത്തിക്കുന്ന രീതിയാകും ഇതിന് ഉപയോഗിക്കുന്നത് പെരിയ എയര്‍സ്ട്രിപ്പിന് കേന്ദ്രാനുമതി ലഭിച്ചതായും കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.
കിഫ്ബി യുടെ ഭാഗമായി അടിസ്ഥാന സൗകര്യ വികസന പ്രദര്‍ശനവും ബോധവത്കരണ പരിപാടികളും ജനുവരി 28,29,30 തീയ്യതികളില്‍ കാസര്‍കോട് നടക്കുമെന്നും കേരള നിര്‍മ്മിതി എന്ന പരിപാടി ജനുവരി 28ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 27ന് നടത്തുന്ന പട്ടയമേളയില്‍ 2000 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്നും മേള റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുമെന്നും കളക്ടര്‍ പറഞ്ഞു. 1802 പട്ടയങ്ങള്‍ ഇതിനകം തയ്യാറായതായി അദ്ദേഹം അറിയിച്ചു.
0 Comments