വ്യാഴാഴ്‌ച, ജനുവരി 02, 2020


പ്രതിപക്ഷം ബഹിഷ്‌കരിച്ച ലോക കേരളസഭയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി എംപി. പ്രവാസികളായ കേരളീയരെ ഒരുമിച്ച് ഒരു വേദിയിൽ കൊണ്ടുവരാനും അവരുടെ സംഭാവനകൾക്ക് വേണ്ട അംഗീകാരം നൽകാനും കഴിയുന്ന മികച്ച വേദിയാണ് ലോക കേരളസഭയെന്ന് രാഹുൽ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് രാഹുൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മുഖ്യമന്ത്രി കത്ത് ട്വീറ്റ് ചെയ്യുകയും രാഹുൽ ഗാന്ധിക്ക് നന്ദി പറയുകയും ചെയ്തിരുന്നു.

ജനുവരി ഒന്ന് മുതൽ മൂന്ന് വരെ പ്രവാസി കേരളീയരെ അണിനിരത്തിയുള്ള ലോകകേരള സഭയുടെ സമ്മേളനം തിരുവനന്തപുരത്ത് തുടരുകയാണ്. കഴിഞ്ഞ വർഷം ലോകകേരള സഭയുമായി പ്രതിപക്ഷം സഹകരിച്ചിരുന്നു. ലോക കേരളസഭ ധൂർത്തെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പരിപാടിയിൽ നിന്ന് വിട്ട് നിൽക്കുന്നത്.

കഴിഞ്ഞ സമ്മേളനത്തിന് ശേഷം സംരംഭങ്ങൾ തുടങ്ങാൻ ഇവിടെയെത്തിയ രണ്ട് പ്രവാസികൾക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നുവെന്നും അവർക്ക് നീതി ലഭിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഈ കാപട്യത്തിന് കുടപിടിക്കാൻ കഴിയാത്തതിനാലാണ് ലോക കേരളസഭ എന്ന പ്രഹസനത്തിൽ നിന്ന് യുഡിഎഫ് ജനപ്രതിനിധികൾ രാജിവച്ചതെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ