
ഫുട്ബോൾ മത്സരത്തിനിടെ എതിർ താരത്തിന്‍റെ ജനനേന്ദ്രിയത്തിൽ പിടിച്ചുഞെരിച്ച കളിക്കാരന് വിലക്ക്. സ്കോട്ടീഷ് ലീഗിനിടെ റേഞ്ചേഴ്സ് ഫോർവേഡ് ആൽഫ്രെഡോ മോറെലോസിന്‍റെ ജനനേന്ദ്രിയത്തിൽ പിടിച്ച കെൽറ്റിക് മിഡ്ഫീൽഡർ റയാൻ ക്രിസ്റ്റിക്ക് രണ്ട് മത്സരങ്ങളിലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ലഭിച്ച റെഡ് കാർഡ് കൂടി കണക്കിലെടുത്ത് ക്രിസ്റ്റിക്ക് ആകെ മൂന്നു മത്സരങ്ങൾ നഷ്ടമാകും. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മോറെലോസിനെ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. ജനനേന്ദ്രിയത്തിലേക്കുള്ള രക്തക്കുഴലിന് തകരാർ സംഭവിച്ചതോടെയാണ് അടിയന്തര ശസ്ത്രക്രിയ നടത്തിയത്. അദ്ദേഹം സുഖംപ്രാപിച്ചുവരുന്നതായി ടീം മാനേജ്മെന്‍റ് അറിയിച്ചു.
ഡിസംബർ 29 ന് കെൽറ്റിക് പാർക്കിൽ നടന്ന കെൽറ്റിക്-റേഞ്ചേഴ്സ് മത്സരത്തിനിടെയായിരുന്നു സംഭവം. മൽസരത്തിൽ റേഞ്ചേഴ്സ 2-1ന് വിജയിച്ചിരുന്നു. കൊളംബിയക്കാരനായ ആൽഫ്രെഡോ മോറെലോസിന്‍റെ ജനനേന്ദ്രിയത്തിൽ പിടിച്ചതിന് ക്രിസ്റ്റിക്കെതിരെ മാച്ച് റഫറി ഫ്രീകിക്ക് വിധിച്ചിരുന്നു. എന്നാൽ താരത്തിനെതിരെ കാർഡ് ഉയർത്താൻ റഫറി തയ്യാറായതുമില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ സ്കോട്ടിഷ് ഫുട്ബോൾ അസോസിയേഷനാണ് ക്രിസ്റ്റി പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയതും ശിക്ഷ വിധിച്ചതും.
ജനുവരി 18 ന് വില്യം ഹിൽ സ്കോട്ടിഷ് കപ്പിൽ പാർട്ടിക് തിസ്റ്റലുമായുള്ള പോരാട്ടത്തിലും ജനുവരി 22ന് ലാഡ്ബ്രോക്ക്സ് പ്രീമിയർഷിപ്പ് ചാംപ്യൻഷിപ്പിലും ക്രിസ്റ്റിക്ക് കളിക്കാനാകില്ല.
അതേസമയം റയാൻ ക്രിസ്റ്റിക്ക് ഉറച്ച പിന്തുണയുമായി കെൽറ്റിക് ടീം മാനേജ്മെന്‍റ് രംഗത്തെത്തി. ക്രിസ്റ്റിക്കെതിരെ ശിക്ഷ വിധിച്ചത് നിരാശജനകമാണെന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നതായും ടീം മാനേജ്മെന്‍റ് വ്യക്തമാക്കി.
0 Comments