LATEST UPDATES

6/recent/ticker-posts

ദമ്പതികളുടെ അപകടമരണത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസ്; മൃതദേഹങ്ങള്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി


മുള്ളേരിയ: കാടകത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മരിച്ച ദമ്പതികളുടെ മൃതദേഹങ്ങള്‍ സ്വദേശമായ തമിഴ്‌നാട് പുതുക്കോട്ടയിലേക്ക് കൊണ്ടു പോയി. മുള്ളേരിയ എ എം  കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന ബാര്‍ബര്‍ ഷോപ്പിന്റെ ഉടമ ഗോവിന്ദ രാജ് (50), ഭാര്യ ഉമാവതി (41) എന്നിവരുടെ മൃതദേഹങ്ങളാണ് രണ്ട് ആംബുലന്‍സുകളിലായി പുതുക്കോട്ട മത്തുവ നഗറിലേക്ക് കൊണ്ടു പോയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റു മോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച  രാത്രി മുള്ളേരിയ ടൗണില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. അന്ത്യോപചാരത്തിന് ശേഷമാണ് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയത്. ചൊവ്വാഴ്ച വൈകിട്ട് ദമ്പതികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കും. ഈ സമയം മുള്ളേരിയ ടൗണിലെ വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കും. ഗോവിന്ദ രാജ് 30 വര്‍ഷമായി മുള്ളേരിയയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തി വരുന്നതിനാല്‍ നാട്ടുകാര്‍ക്കെല്ലാം സുപരിചിതനാണ്. വലിയൊരു സൗഹൃദത്തിന് ഉടമയായതിനാല്‍ നാട്ടിലെല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു. അതുകൊണ്ട് തന്നെ ഗോവിന്ദ രാജിന്റെയും ഭാര്യയുടെയും അപകടമരണം മുള്ളേരിയ പ്രദേശത്തെ ദു:ഖത്തിലാഴ്ത്തി. ഗോവിന്ദ രാജിന്റെ ഭാര്യ ഉമാവതിയെ പ്രമേഹ സംബന്ധമായ അസുഖം അലട്ടാറുള്ളതിനാല്‍ എല്ലാ മാസവും ഡോക്ടറെ കണ്ട് പരിശോധനയും ചികിത്സയും നടത്താറുണ്ടായിരുന്നു.  ഉമാവതിയെ ഡോക്ടറെ കാണിച്ച് കാസര്‍കോട്ട് നിന്നും മുള്ളേരിയയിലേക്ക് സ്‌കൂട്ടറില്‍ തിരിച്ചു പോകുമ്പോള്‍ കാടകം പതിമൂന്നാം മൈലിലെ വണ്ണാച്ചിക്കടവിലാണ് അപകടമുണ്ടായത്. ദമ്പതികളുടെ അപകടമരണവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ ബെണ്ടിച്ചാലിലെ നാസിക് മൂസക്കെതിരെ (24) ആദൂര്‍ പോലീസ് ബോധപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ബംഗളൂരുവിലെ ഒരു വിവാഹചടങ്ങില്‍ പങ്കെടുത്ത് നാസിക് മൂസ തിരിച്ചു വരികയായിരുന്ന കാര്‍ സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.  

Post a Comment

0 Comments